25 ആം ദിവസത്തിൻ്റെ നിറവിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! ഇത് മലയാള സിനിമയുടെ വിജയം
1 min read

25 ആം ദിവസത്തിൻ്റെ നിറവിൽ ‘അന്വേഷിപ്പിൻ കണ്ടെത്തും’…!! ഇത് മലയാള സിനിമയുടെ വിജയം

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ പ്രശംസിച്ച ടൊവിനോ തോമസിൻ്റെ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ഫെബ്രുവരി 9-ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം തന്നെ 50 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു. ഇതോടൊപ്പം മറ്റൊരു നേട്ടം കൂടിയാണ് നേടിയിരിക്കുന്നത്. 25 ദിവസം ചിത്രം തിയേറ്ററുകളിൽ പിന്നിട്ടിരിക്കുകയാണ്. കാലിക പ്രസ്ക്തിയുള്ള, കണ്ടു മറന്ന ക്ലീഷേകളില്ലാത്ത നല്ല സിനിമയാണിതെന്ന് ഇന്നും ആളുകൾ അടിവരയിട്ട് പറയുന്നു. മലയാള സിനിമയുടെ വിജയമാണ് ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇത്രയും ദിവസം പിന്നിടുന്നത്. പുത്തൻ റിലീസുകൾക്കിടയിലും വൻ താരങ്ങളുടെ സിനിമകൾക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രം നേടിയത്.

 

ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന് വ്യത്യസ്ത രീതിയിലുള്ള ക്ലൈമാക്സുകളുമായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ നിറഞ്ഞ മനസ്സോടെയാണ് ഏറ്റെടുത്തത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്കാണ് ഇതിനകം ഈ ചിത്രത്തെ സിനിമാപ്രേമികൾ ചേർത്തുവെച്ചിട്ടുള്ളത്.കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. മാർച്ച് 8ന് നെറ്റ്ഫ്ലിക്സിലെത്തും. വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ചിത്രം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ഒടിടി സ്ട്രീമിംഗ്.

 

ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തിയിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഡാർവിൻ കുര്യാക്കോസാണ്. നവാഗത സംവിധായകൻ ആയിട്ടുകൂടി തികഞ്ഞ കൈയ്യടക്കത്തോടെയാണ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ചിത്രം ഡാർവിൻ ഒരുക്കിയിരിക്കുന്നത്. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.