എങ്ങും ഹൗസ്‍ഫുൾ ഷോകള്‍! അതിശയമായി ഈ സൂപ്പർ ഹിറ്റ് സിനിമാ ത്രയം; തിയേറ്ററുകളിലേക്ക് ജനപ്രവാഹം
1 min read

എങ്ങും ഹൗസ്‍ഫുൾ ഷോകള്‍! അതിശയമായി ഈ സൂപ്പർ ഹിറ്റ് സിനിമാ ത്രയം; തിയേറ്ററുകളിലേക്ക് ജനപ്രവാഹം

എങ്ങും ഹൗസ്‍ഫുള്‍ ഷോകള്‍. തിയേറ്റുകളിൽ നിറയെ തിരക്ക്. ആളും ആരവവുമായി ഉത്സവ സമാന അന്തരീക്ഷം. സാധാരണ ഫെസ്റ്റിവൽ സമയങ്ങളിൽ കാണാറുള്ള വൻ ജനപ്രവാഹമാണ് ഇപ്പോൾ തിയേറ്ററുകളിൽ. ക്രിസ്മസ് കഴിഞ്ഞാൽ പിന്നെ മാ‍‍ർച്ചിലും ഏപ്രിലിലുമൊക്കെയായി വിഷുവിനും ഈസ്റ്റിനും റംസാനുമൊക്കെയാണ് സിനിമകളുടെ നല്ലകാലം തുടങ്ങാറുള്ളത്. എന്നാൽ ഇപ്പോഴിതാ പതിവിന് വിപരീതമായി ഫെബ്രുവരിയിൽ തന്നെ തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് അന്വേഷിപ്പിൻ കണ്ടെത്തും പ്രേമലു, ഭ്രമയുഗം എന്നീ സിനിമാത്രയം.

ഫെബ്രുവരി 9നും 15നും തുടര്‍ച്ചയായി റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകളാണ് വിജയത്തേരിലേറി മുന്നേറുന്നത്. ഒരാഴ്ചയുടെ വ്യത്യാസത്തിൽ റിലീസ് ചെയ്യപ്പെട്ടിട്ടും തിയറ്ററുകള്‍ നിറച്ചാണ് ഈ സിനിമകളുടെ ജൈത്രയാത്ര. സാധാരണ രീതിയിൽ ഒരു സിനിമ വലിയ ഹിറ്റായാല്‍ അതിനോട് അനുബന്ധിച്ച് റീലിസ് ചെയ്യപ്പെടുന്ന സിനിമയ്ക്ക് കാര്യമായി കലക്‌ഷന്‍ ലഭിക്കാറില്ലെന്ന് പറയാറുണ്ട്. ഉയര്‍ന്ന ടിക്കറ്റ് നിരക്കും മറ്റും മൂലം എത്ര നല്ലതെങ്കിലും എല്ലാ സിനിമയും കാണാന്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് കഴിയാത്തതും സമയക്കുറവും ഒക്കെ ഇതിന് പിന്നിലെ കാരണങ്ങളാണ്. പക്ഷേ ഇവിടെ ആ പതിവും തെറ്റിച്ചിരിക്കുകയാണ്.

.മാത്രമല്ല സീനിയർ താരമായ മമ്മൂട്ടിയുടേയും യുവ താരനിരയിലെ ശ്രദ്ധേയരായ ടൊവീനോയുടേയും നെസ്ലിന്‍റേയും സിനിമകളാണ് വൻ കളക്ഷനിൽ ബോക്സോഫീസിൽ കുതിക്കുന്നത്. മലയാള സിനിമയുടെ ഭാഗ്യമാസമായി മാറിയിരിക്കുകയാണ് ഫെബ്രുവരി. ഈ മൂന്ന് സിനിമകൾ കൂടി ഈ മാസം ഇതുവരെ തിയറ്ററുകളിൽ നിന്നും വാരിയത് ഏകദേശം നൂറ് കോടിക്ക് മുകളിലാണ്. ഫെബ്രുവരി 22ന് റിലീസ് ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്സും’ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. തീര്‍ച്ചയായും മലയാള സിനിമാ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുന്ന അടുപ്പിച്ചടുപ്പിച്ചുള്ള ഈ ഹിറ്റുകള്‍. ഒരേ സമയം മൂന്ന് സിനിമകള്‍ കേരളത്തിലെ തിയറ്ററുകള്‍ നിറയ്ക്കുന്നതോടൊപ്പം അന്യസംസ്ഥാനങ്ങളിലും ജിസിസിയിലും മികച്ച കളക്ഷൻ നേടി കുതിക്കുകയാണ്.