മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയില്‍ നേടിയ തുകയിൽ പ്രതികരണവുമായി നിര്‍മ്മാതാവ്
1 min read

മമ്മൂട്ടി ചിത്രം ഭ്രമയുഗം ഒടിടിയില്‍ നേടിയ തുകയിൽ പ്രതികരണവുമായി നിര്‍മ്മാതാവ്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം വൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷനൊപ്പം മറ്റ് മേഖലകളില്‍ നിന്ന് അവ നേടുന്ന വരുമാനവും ഇന്ന് വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭ്രമയുഗം ഒടിടിയില്‍ നേടിയ തുകയെത്ര എന്നത് സംബന്ധിച്ച ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ഫെബ്രുവരി 15 ന് റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ബോക്സ് ഓഫീസില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനൊപ്പമാണ് ഒടിടി റൈറ്റ്സ് തുക സംബന്ധിച്ചുള്ള ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ നടന്നത്. സോണി ലിവിന് ആണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ്. ഒടിടി അവകാശം വിറ്റ വകയില്‍ സോണി ലിവില്‍ നിന്ന് ചിത്രം നേടിയത് 30 കോടി ആണെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ചക്രവര്‍ത്തി രാമചന്ദ്ര തന്നെ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിരിക്കുകയാണ്.

ഒടിടി റൈറ്റ്സിലൂടെ ചിത്രം നേടിയത് 30 കോടിയാണെന്ന പ്രചരണം ഒട്ടും ശരിയല്ലെന്ന് ഇത് സംബന്ധിച്ചുള്ള ഒരു എക്സ് പോസ്റ്റിന് അദ്ദേഹം മറുപടി നല്‍കി. “ഈ വിവരം ഒട്ടും ശരിയല്ല. സിനിമ ആസ്വദിക്കുക. അതില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതിഭാധനരെ അഭിനന്ദിക്കുക”, ചക്രവര്‍ത്തി രാമചന്ദ്ര കുറിച്ചു. നേരത്തെ ചിത്രത്തിന്‍റെ ബജറ്റും നിര്‍മ്മാതാവ് വെളിപ്പെടുത്തിയത് ഇത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ ആയിരുന്നു. 27.73 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍, അതും മമ്മൂട്ടി നായകനാവുന്ന ചിത്രം എന്നതായിരുന്നു ഭ്രമയുഗത്തിന്‍റെ യുഎസ്‍പി. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവനാണ് സംവിധായകന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് എല്ലാ റിലീസ് മാര്‍ക്കറ്റുകളില്‍ നിന്നും ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ മറുഭാഷാ പ്രേക്ഷകരിലും ചിത്രം ചര്‍ച്ചയായിട്ടുണ്ട്. തെലുങ്ക് പതിപ്പ് ഈ വാരം പ്രദര്‍ശനത്തിനെത്തുന്നുമുണ്ട്.