മമ്മൂട്ടിയും മോഹൻലാലും ​ഗുരുവായൂരിൽ; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് വൻ താരനിര
1 min read

മമ്മൂട്ടിയും മോഹൻലാലും ​ഗുരുവായൂരിൽ; സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് വൻ താരനിര

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന എന്ന പേരിൽ സുരേഷ് ​ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹം ആദ്യമേ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പുറമേ വിവാഹത്തിന് മലയാള സിനിമയിലെ വൻ താരനിരയാണ് എത്തിയിരിക്കുയത്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്. വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു.

രാവിലെ ഗുരുവായൂർ വച്ച് നടക്കുന്ന ചടങ്ങിലും ഏഴ് മണിയോടെ തന്നെ മമ്മൂട്ടിയും മോഹൻലാലും എത്തിച്ചേർന്നു. മോഹൻലാലും നടി ഖുശ്‌ബുവും ഒരേ കാറിൽ വന്നിറങ്ങി. വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടു പരിചയിച്ച സൗഹാർദം നിറഞ്ഞ വിവാഹവേളകളെ അനുസ്മരിപ്പിക്കും വിധമാണ് ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹവേദി.

ജയറാം, ദിലീപ്, ബിജു മേനോൻ, സംവിധായകന്മാരായ ഹരിഹരൻ, ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ എന്നിവരും വിവാഹത്തിനെത്തിയിട്ടുണ്ട്. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സ്വീകരിക്കാൻ സുരേഷ് ഗോപി തയാറായി നിന്നിരുന്നു. നേരം പുലരും മുൻപേ മമ്മൂട്ടിയും മോഹൻലാലും ജയറാമും ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ഓഡിയോറിയത്തിൽ എത്തിയിരുന്നു.