“ഇങ്ങേർക്കല്ലാതെ മറ്റൊരുത്തനും പൂർണ്ണതയിൽ എത്തിക്കാൻ പറ്റാത്ത കഥാപാത്രം”.. റോഷാക് കണ്ട പ്രേക്ഷകന്റെ പ്രതികരണം

മമ്മൂട്ടി നായകനായ ‘റോഷാക്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. റോഷാക് കണ്ടവരെല്ലാം തന്നെ മമ്മൂട്ടിയുടെ അഭിനയം കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്തൊരു മുഖവുമായി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയത് ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആയ സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോഷാക്കിന് മികച്ച പ്രേക്ഷക റിവ്യൂകളാണ് വന്നുകൊണ്ടിരിക്കുന്നത്. സിനിമ ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും ചിത്രം കണ്ടവർ ത്രില്ലടിച്ചാണ് റിവ്യൂകൾ എഴുതുന്നത്.

അക്കൂട്ടത്തിൽ അമൽരാജ് എന്ന സിനിമ പ്രേക്ഷകൻ എഴുതിയ റോഷാക്കിന്റെ റിവ്യൂ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമൽരാജ് സിനി ഫയൽ എന്ന സിനിമ ഗ്രൂപ്പിലാണ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ സിനിമ കണ്ട എക്സൈറ്റ്മെന്റ് മാറാതെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലും വിശേഷങ്ങൾ കുറിക്കുന്നുണ്ട്. “ഇതുപോലൊരു സിനിമ ഞാൻ ഇതിനുമുന്നേ കണ്ടിട്ടില്ല. ഇതു പോലൊരു കഥാപാത്രത്തെയും കഥാപരിസരവും ഞാൻ കണ്ടിട്ടില്ല. ഇത് പോലൊരു പ്രതികാര കഥ കേട്ടിട്ടില്ല.. മമ്മൂട്ടി എന്ന നടൻ.. പേടി തോന്നുന്ന വിധത്തിലുള്ള അപരിചിതത്വമാണ് അയാളുടെ മുഖത്ത്.. അയാളുടെ ശരീരഭാഷയിൽ. എല്ലാത്തരത്തിലും പുതുമയുള്ള എക്സ്പീരിയൻസ്. സിനിമയുടെ പതിഞ്ഞ താളം പോലും എന്നെ ഇമ്പ്രെസ് ചെയ്യിച്ചു. എല്ലാവരുടെയും കപ്പിലെ ചായയാണോ കോഫി ആണോ എന്നൊന്നും അളന്നു നോക്കാനോ വിലയിരുത്താനോ അറിയില്ല. എന്നാൽ ഇത് എന്റെ കപ്പിലെ, കടുപ്പമുള്ള, കൈപ്പുള്ള നല്ല കട്ടകറുപ്പ് നിറമുള്ള കാപ്പിയാണ്”. അമൽരാജ് സിനി ഫയലിൽ കുറിക്കുന്നു.

“ആരൊക്കെയോ പറഞ്ഞു പഴകിയ വാചകം.. തീയറ്ററിൽ സിനിമ കണ്ടു കൊണ്ടിരുന്ന ഓരോ മൊമെന്റിലും മൈൻഡിൽ വന്നു പോയിക്കൊണ്ടിരുന്നത് ആ വാചകമാണ്.. ആരും ഇന്നേ വരെ പഴയ മമ്മൂട്ടിയെ വേണം എന്ന് പറഞ്ഞു കേട്ടിട്ടില്ല.. കാരണം ഇതൊക്കെ തന്നെയാണ്. ലൂക്ക് ആന്റണി.. ഇങ്ങേർക്കല്ലാതെ മറ്റൊരുത്തനും പൂർണ്ണതയിൽ എത്തിക്കാൻ പറ്റാത്ത കഥാപാത്രം.. ഡെവിൾ”.. അമൽരാജ് ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. റോഷാക് എന്ന ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷോർണൂർ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

 

Related Posts