മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ ആ നടന വിസ്മയത്തെ ജനങ്ങള്‍ ഇന്നും നെഞ്ചിലേറ്റുന്നു. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തില്‍ നിന്നും നായക പദവിയിലേക്ക് ഉയരുകയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ അദ്ദേഹത്തിന് പകരം വെക്കാനില്ലാത്ത കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് മോഹന്‍ലാല്‍ സിനിമാ പ്രേമികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.
മലയാള സിനിമയില്‍ മാത്രമല്ല, അന്യ ഭാഷ സിനിമകളിലും മോഹന്‍ലാല്‍ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്, ഹിന്ദി, തെലുങ്കു, കന്നട എന്നീഭാഷകളിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അന്യഭാഷ താരങ്ങള്‍ അടക്കം നിരവധിപേരാണ് അദ്ദേഹത്തിനെ ആരാധിക്കുന്നത്. മോഹന്‍ലാലിനെപോലൊരു നാച്ചുറല്‍ ആര്‍ട്ടിസ്റ്റിനെ വേറെ എവിടേയും കാണില്ലെന്നാണ് തമിഴകത്തിന്റെ സ്വന്തം തലൈവര്‍ രജനീകാന്ത് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞത്. പല തവണ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് രജനീകാന്ത് പല വേദികളിലും പുകഴ്ത്തിയിട്ടുണ്ട്.
മോഹന്‍ലാലിനെക്കുറിച്ച് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് അദ്ദേഹത്തെപോലൊരു നടനെ മലയാള സിനിമയില്‍ വേറെ കിട്ടില്ലെന്നായിരുന്നു. വണ്ടര്‍ഫുള്‍ ആക്ടര്‍എന്നാണ് ജഗതി മോഹന്‍ലാലിനെ വിശേഷിപ്പിച്ചത്. ഇരുവരും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇന്നും മലയാളികളുടെ പ്രിയ ചിത്രമാണ് മോഹന്‍ലാലും ജഗതിയും ഒന്നിച്ച കിലുക്കം എന്ന സിനിമ. അദ്ദേഹത്തിന്റെ ആരാധകരായി മലയാള സിനിമയില്‍ തന്നെ നിരവധി താരങ്ങള്‍ വേറെയുമുണ്ട്.
ഫഹദ് ഫാസിലിനോട് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞ് മറ്റൊരു നടന്റെ പേര് പറയാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതായിരുന്നു. മോഹന്‍ലാലിന് ശേഷം എന്നൊരു വാക്കില്ല. മോഹന്‍ലാലിന് ശേഷം വേറെയാരുമില്ലെന്നായിരുന്നു ഫഹദ് പറഞ്ഞത്. അഭിനയത്തിന്റെ ചക്രവര്‍ത്തിയാണ് മോഹന്‍ലാല്‍ എന്നായിരുന്നു നൃത്തവും അഭിനയവുമെല്ലാം കൈയ്യടക്കത്തോടെ കൊണ്ട് നടക്കുന്ന പ്രതിഭ നടന്‍ വിനീത് പറഞ്ഞത്. അങ്ങനെ നിരവധി താരങ്ങള്‍ ഇപ്പോഴും പറയാറുണ്ട് മോഹന്‍ലാല്‍ എന്ന നടനില്‍ നിന്നും നമ്മളെല്ലാം ഒരുപാട് പഠിക്കാനുണ്ടെന്ന്.
മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിനായി ഒരുങ്ങുന്നത്. ഇതില്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2വിന് ശേഷം ജീത്തുജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ട്വല്‍ത്ത് മാന്‍. ചിത്രം ഒടിടി റിലീസായി ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്ററിലൂടെയാണ് റിലീസ് ചെയ്യുക. മോണ്‍സ്റ്റര്‍, ബറോസ് എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.