“ബ്രാഹ്മിൺ ക്യാരക്റ്റർ ആണേൽ ക്രെഡിബിലിറ്റി ഉണ്ടാകും” എന്ന് സജസ്റ്റ് ചെയ്തത് മമ്മൂട്ടി : എസ്. എൻ. സ്വാമി സേതുരാമയ്യർ സിബിഐ സൃഷ്ടിയെ കുറിച്ച്
1 min read

“ബ്രാഹ്മിൺ ക്യാരക്റ്റർ ആണേൽ ക്രെഡിബിലിറ്റി ഉണ്ടാകും” എന്ന് സജസ്റ്റ് ചെയ്തത് മമ്മൂട്ടി : എസ്. എൻ. സ്വാമി സേതുരാമയ്യർ സിബിഐ സൃഷ്ടിയെ കുറിച്ച്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദി ബ്രെയ്ന്‍. മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പ്. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. മലയാള സിനിമയില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകള്‍ സമ്മാനിച്ച സ്വര്‍ഗ്ഗചിത്രയുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ചിത്രം.

സേതുരാമയ്യര്‍ എന്ന സിനിമയുടെ ഭാഗമായത്, കാരക്ടര്‍ ഡെവലപ്‌മെന്റ് ആയതിനൊക്കെ പിന്നില്‍ മമ്മൂട്ടിയാണെന്ന് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി. ‘പുള്ളിയാണ് അത് സജസ്റ്റ് ചെയ്യുന്നത്. എന്റെ മനസ്സിലുണ്ടായിരുന്നത് ഒരു മുസ്ലിം കാരക്ടര്‍ ആണ്. അത് വേണ്ട നമുക്ക് ഒരു ബ്രാഹ്മിണ്‍ കാരക്ടര്‍ വേണം, ബ്രാഹ്മിണ്‍ കാരക്ടര്‍ ആണേല്‍ ക്രെഡിബിലിറ്റി ഉണ്ടാവും എന്ന് സജസ്റ്റ് ചെയ്യുന്നത് മമ്മൂട്ടി തന്നെയാണ്’ സ്വാമി പറയുന്നു.

സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. പ്രതീക്ഷ തെറ്റിക്കാതെ ജാഗ്രതയും ബോക്‌സോഫീസ് ഹിറ്റായി മാറി.

പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. നാലുഭാഗങ്ങളും പ്രദര്‍ശന വിജയം നേടിയ മലയാളത്തിലെ തന്നെ അപൂര്‍വചിത്രമെന്ന റെക്കോഡും സേതുരാമയ്യര്‍ക്ക് സ്വന്തം. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗമൊരുങ്ങുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. 130നടുത്ത് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വര്‍ഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും നായകനും ഒഴികെ മറ്റാര്‍ക്കും കഥയുടെ പൂര്‍ണരൂപം അറിയില്ല. സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കാലത്തിനൊത്തുള്ള സാങ്കേതികവിദ്യയും സേതുരാമയ്യരും ചേരുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കുകയാണ്. മമ്മൂട്ടി – കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ 1988ലാണ് സിബിഐ സീരിസിലെ ആദ്യചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. ആശ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കര്‍, സായ്കുമാര്‍, സൗബിന്‍ ഷാഹിര്‍,മുകേഷ്, അനൂപ് മേനോന്‍,ദിലീഷ് പോത്തന്‍, രമേശ് പിഷാരടി, പ്രതാപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍,അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു,ആശാ ശരത്ത്, കനിഹ,മാളവിക മേനോന്‍, അന്‍സിബ,മാളവിക നായര്‍ മായാ വിശ്വനാഥ്,സുദേവ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് കോട്ടയം, ജയകൃഷ്ണന്‍, സ്വാസിക, സുരേഷ് കുമാര്‍, ചന്തു കരമന, സ്മിനു ആര്‍ട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂര്‍ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.