തിരക്കഥകളിൽ സെഞ്ചുറി തികച്ച അതുല്യനായ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് ജോൺ പോൾ വിടവാങ്ങി ; അനശ്വര പ്രതിഭയ്ക്ക് ആദരാജ്ഞലികൾ

മലയാള സിനിമയ്ക്ക് പുതിയ ഭാവവും, രൂപവും സമ്മാനിച്ച, നൂറിലധികം സിനിമകളുടെ തിരക്കഥാകൃത്തായി പ്രവർത്തിച്ച ജോൺപോൾ അന്തരിച്ചു. 72 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ചികിത്സയിരുന്നു അദ്ദേഹം. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജൻ്റെ അളവ് കുറഞ്ഞതും ജോൺ പോളിൻ്റെ ആരോഗ്യ സ്ഥിതിയെ കാര്യമായി ബാധിക്കുകയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുൻപാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്.  ആരോഗ്യസ്ഥിതി വളരെ മോശമായതിനെത്തുടർന്ന് പരിചരണത്തിനായി പ്രത്യേക മെഡിക്കൽ സംഘത്തെ ഏർപ്പെടുത്തിയിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിസയിൽ കഴിയുന്ന അദ്ദേഹത്തിൻ്റെ ചികിത്സ സഹായ നിധിയിലേയ്ക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിക്കുകയായിരുന്നു. ഇതിന് പുറമേ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമായി അദ്ദേഹത്തിന് ലഭിച്ചിരുന്നു.  ജോൺ പോളിനെ മന്ത്രി പി . രാജീവ് ഉൾപ്പടെയുള്ളവർ ആശുപത്രിയിലെത്തി കാണുകയും, അദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ചെയ്തിരുന്നു. ദീർഘ നാളായി തുടരുന്ന അദ്ദേഹത്തിൻ്റെ ചികിത്സ മൂലം സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തിലാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം ആരംഭിച്ചത്.

അതേസമയം ഈപ്രവർത്തനങ്ങളെല്ലാം പുരോ​ഗമിക്കുന്നതിനിടെയാണ് അദ്ദേഹം വിട വാങ്ങിയത്. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോണ് പോൾ സിനിമയോടും കഥകളോടുമുള്ള തൻ്റെ ഭ്രമം കാത്തുസൂക്ഷിച്ച്  ജോലി പോലും രാജിവച്ചാണ് പിന്നീട് മുഴുവൻ സമയ തിരക്കഥാകൃത്തായി മാറുന്നത്.  കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങൾ ജോൺപോളിൻ്റെ സിനിമാലോകത്തെ സംഭാവനയാണ്.  കമൽ സംവിധാനം ചെയ്ത ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രത്തിനാണ് അവസാനമായി എഴുതിയത്.

നൂറോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ ജോൺ പോൾ നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവു കൂടെയാണ്മാ. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ഫിലിംസൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സാനിധ്യവുമായിരുന്നു അദ്ദേഹം. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയിരുന്നത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് പ്രത്യേക ജൂറി അവാർഡ്, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് എന്നിവ അദ്ദേഹത്തെത്തേടിയെത്തി. എംടി വാസുദേവൻനായരുടെ സംവിധാനത്തിൽ പിറന്ന സംസ്ഥാന, ദേശിയ, രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന ചലച്ചിത്രത്തിൻ്റെ നിർമാതാവ് ജോൺപോളായിരുന്നു. മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു ഇത്.
ഗ്യാങ്സ്റ്റർ, കെയർഓഫ് സൈറാബാനു എന്നീ സിനിമകളിൽ അഭിനയിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു.  ജോൺപോൾ വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്ക് പകരം വെക്കാനില്ലാത്ത തിരക്കഥാകൃത്തിനെയാണ് നഷ്ടമാകുന്നതെന്ന് നിസംശയം പറയാം.

Related Posts