”സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെ, 30 സെക്കന്റിനുള്ളിൽ ഞാൻ ഓക്കെ പറഞ്ഞു”; പൃഥ്വിരാജ്
1 min read

”സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെ, 30 സെക്കന്റിനുള്ളിൽ ഞാൻ ഓക്കെ പറഞ്ഞു”; പൃഥ്വിരാജ്

ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘സലാർ’. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൽ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് പറയുന്ന താരം, താൻ 30 സെക്കന്റ് സമയമെടുത്താണ് കഥാപാത്രം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് അറിയിച്ചത് എന്നും പറയുന്നു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സലാറിനെക്കുറിച്ച് സംസാരിച്ചത്.

”ഞാൻ സാലറിന്റെ സ്‌ക്രിപ്റ്റ് ആദ്യമായി കേൾക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുമ്പാണ്. പ്രശാന്ത് കഥ പറഞ്ഞതിന് ശേഷം ഏകദേശം 30 സെക്കൻഡ് സമയമെടുത്തു ഞാൻ ഈ റോൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പറയാൻ. സലാർ അതിന്റെ ഒറിജിനൽ സ്റ്റോറിയിൽ തന്നെ അതിശയകരമാണ്.

ഞാൻ പ്രശാന്തിനോട് പറയാറുണ്ട് ഇത് ഗെയിം ഓഫ് ത്രോൺസ് പോലെയാണ്. ചിത്രത്തിൽ ഉള്ളതും അതാണ്. ഗെയിം ഓഫ് ത്രോൺ പോലെയുള്ള നാടകീയതയും ചടുലമായ കഥാപാത്ര നിർമ്മിതിയും ഇതിലുണ്ട്. ഇത് വളരെ വലിയ പ്രോജക്ടാണ് നിരവധി കഥാപാത്രങ്ങളുണ്ട്. സങ്കീർണ്ണമായ നിരവധി കഥാ സന്ദർഭങ്ങളുണ്ട്. എനിക്ക് ഒരു മികച്ച വേഷം തന്നെ ലഭിച്ചുവെന്ന് ഞാൻ കരുതുന്നു. സലാർ ഒരു പ്രശാന്ത് നീൽ ചിത്രമാണ്. ആരാണ് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹിക്കാത്തത്- പൃഥ്വിരാജ് പറയുന്നു.