ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമോ ജയറാം ?? ‘അബ്രഹാം ഓസ്‌ലർ ‘ ആദ്യ ദിനം നേടിയ കളക്ഷൻ
1 min read

ബോക്സ് ഓഫീസിൽ ഹിറ്റടിക്കുമോ ജയറാം ?? ‘അബ്രഹാം ഓസ്‌ലർ ‘ ആദ്യ ദിനം നേടിയ കളക്ഷൻ

മലയാളത്തില്‍ ജയറാമിന്‍റെ തിരിച്ചുവരവ് ചിത്രം ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിത്രമായിരുന്നു ഇന്നലെ തിയറ്ററുകളിലെത്തിയ അബ്രഹാം ഓസ്‍ലര്‍. ജയറാം ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം മിഥുന്‍ മാനുവല്‍ തോമസ് ആണ്. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസര്‍ ആണ് ജയറാമിന്‍റെ കഥാപാത്രം. ജയറാമിനൊപ്പം അതിഥി താരമായി എത്തുന്ന മമ്മൂട്ടിയും സര്‍ജന്‍റെ റോളിലെത്തുന്ന ജഗദീഷുമടക്കം തിയറ്ററുകളില്‍ കൈയടി നേടുന്നുണ്ട്. ബോക്സ് ഓഫീസ് വിജയങ്ങള് നേടിയ താരങ്ങളിൽ ജയറാമും എത്തണമെന്ന് സിനിമാപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുന്നു. ജയറാഠ ആ ബോക്സ് ഓഫീസ് ഹിറ്റിലേക്ക് എത്തുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ റിലീസ് ചെയ്ത ഓസ്ലർ കാഴ്ചവെക്കുന്നത്.

വന്‍ ജനപ്രീതി നേടിയ അഞ്ചാം പാതിരായ്ക്ക് ശേഷമെത്തുന്ന മിഥുന്‍ മാനുവല്‍ തോമസ് ചിത്രം എന്നത് ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തിയേക്കുമെന്ന പ്രതീക്ഷയായിരുന്നു ഹൈപ്പ് നല്‍കിയ മറ്റൊരു ഘടകം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ബോക്സ് ഓഫീസ് സൂചനകള്‍ പുറത്തെത്തുകയാണ്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം 2.8 കോടി മുതല്‍ 3 കോടി വരെ നേടുമെന്നാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഇത് ശരിയെങ്കില്‍ ഒരു ജയറാം ചിത്രം നേടുന്ന ഏറ്റവും മികച്ച ഓപണിംഗ് ആയിരിക്കും. മികച്ച വാരാന്ത്യവുമാണ് തിയറ്ററുകളില്‍ ചിത്രത്തെ കാത്തിരിക്കുന്നത്. വ്യക്തിജീവിതത്തില്‍ ചില കടുത്ത അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ള പൊലീസ് ഓഫീസറാണ് ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രം. വിഷാദരോഗിയാണ് അദ്ദേഹം. ഇയാള്‍ക്ക് മുന്നിലേക്ക് ഒരു ശ്രദ്ധേയ കേസ് എത്തുന്നിടത്താണ് അബ്രഹാം ഓസ്‍ലര്‍ കഥ പറഞ്ഞുതുടങ്ങുന്നത്. മമ്മൂട്ടിയുടെ അതിഥിവേഷത്തിനും തിയറ്ററുകളില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ജയറാമും മമ്മൂട്ടിയും ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്.

അതേസമയം ജയറാം അഭിനയിച്ചിരിക്കുന്ന മറ്റൊരു ചിത്രവും തിയറ്ററുകളില്‍ എത്തുന്നുണ്ട്. പക്ഷേ അത് മലയാളത്തില്‍ നിന്നല്ല, തെലുങ്കില്‍ നിന്നാണ്. മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്തിരിക്കുന്ന ഗുണ്ടൂര്‍ കാരം ആണ് അത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. തെലുങ്കില്‍ ഏറെ ആരാധകരുള്ള മഹേഷ് ബാബുവിന്‍റെ ഒരു ചിത്രം തിയറ്ററുകളിലെത്തുന്നത് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ്. അതിനാല്‍ത്തന്നെ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രവുമാണിത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ഇതിനകം തന്നെ മികച്ച ഓപണിംഗ് കളക്ഷന്‍ ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട് ഈ ചിത്രം. ജയറാം ഒരു പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.