‘2019-ൽ മകളുടെ ഫീസടക്കാൻ പോലും എന്റെ അക്കൗണ്ടിൽ പണം ഇല്ലായിരുന്നു, അന്നു മുതൽ ഒരു തീരുമാനമെടുത്തു’ സുരേഷ് ഗോപി വെളിപ്പെടുത്തുന്നു
താരങ്ങൾ സൂപ്പർ താരങ്ങൾ എന്നീ വിശേഷണങ്ങൾ മുഖ്യധാരാ നടീ-നടന്മാർക്ക് പ്രേക്ഷകരും മാധ്യമപ്രവർത്തകരും ചാർത്തി കൊടുക്കുന്നത് അവർ അനുഭവിക്കുന്ന വലിയ പ്രിവിലേജും സാമ്പത്തിക ഭദ്രതയും എല്ലാം കണ്ടാണ്. എന്നാൽ മകളുടെ ഫീസ് പോലും അടയ്ക്കാൻ അക്കൗണ്ടിൽ പൈസ ഇല്ലാത്തതായ മലയാളത്തിലെ സ്വന്തം സുരേഷ് ഗോപി എന്ന സൂപ്പർ താരം ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ചെയ്തത്. മലയാള സിനിമയിലെ മൂന്നാമൻ എന്ന് എല്ലാ സിനിമാ പ്രേമികളും വിളിക്കുമ്പോഴും സൂപ്പർതാരമായി സിനിമാലോകത്ത് ഇന്നും സജീവമായി തന്നെ നിലനിൽക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സമീപകാലത്തു വരെ കടന്നു പോയിട്ടുള്ളതെന്ന് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സൂര്യ ടിവിയിൽ അദ്ദേഹം അവതാരകനായി എത്തുന്ന ‘അഞ്ചോട് ഇഞ്ചോട്’ എന്ന പ്രോഗ്രാമിന്റെ പ്രമോ വീഡിയോയിൽ ആണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2019-ൽ വിദേശത്ത് പഠിക്കുന്ന മകളുടെ ഫീസ് അടക്കാൻ പോലും തന്റെ അക്കൗണ്ടിൽ പണം ഇല്ലായിരുന്ന അവസ്ഥയുണ്ടായിരുന്നു എന്നും ഈ സാമ്പത്തിക പ്രതിസന്ധി കാരണം വീണ്ടും സിനിമയിൽ സജീവമാകുമെന്ന് താൻ തീരുമാനമെടുത്തു എന്നും സുരേഷ് ഗോപി പറയുന്നു. സിനിമയിൽ അല്പം ഇടവേള എടുത്തു എങ്കിലും ടെലിവിഷൻ രംഗത്തും രാഷ്ട്രീയ രംഗത്തും സുരേഷ് ഗോപിയെ വളരെ സജീവമായി തന്നെയാണ് നാളിതുവരെയായി കാണാൻ കഴിയുന്നത്.
എങ്കിലും ഇത്രയും വലിയൊരു സാമ്പത്തിക പ്രതിസന്ധി മലയാളത്തിലെ സൂപ്പർ താരത്തിന് എങ്ങനെ വന്നുവെന്നും ആരാധകർ ചോദിക്കുന്നു. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ; “എനിക്ക് 2019 സെപ്റ്റംബർ മാസം വാൻകൂവറിൽ പഠിക്കുന്ന മകൾക്ക് ആ വർഷത്തെ സെമസ്റ്റർ ഫീസ് അടയ്ക്കാൻ ഉള്ള കാശ് എന്റെ അക്കൗണ്ടിൽ ഇല്ലായിരുന്നു എന്നുള്ളതാണ് എന്റെ മനസ്സിൽ വലിയ മാറ്റം കൊണ്ടുവന്നത്. അവിടെയാണ് സത്യത്തിൽ ഞാൻ ഒരു സിനിമ ഇന്ന് തുടങ്ങാൻ നാളെ തുടങ്ങാം എന്ന് പറഞ്ഞു നടന്നത് ശരി ‘നമുക്ക് തുടങ്ങാം’ എന്ന് ഞാൻ സമ്മതം മൂളുന്നത് അവിടെയാണ്. പക്ഷേ അതും മുടക്കി ഭീകര അന്തരീക്ഷം ആണ് ഇവിടെ. അത് മുടക്കി മുടക്കിച്ചു. അത് നടന്നില്ല കാവൽ അന്ന് നടക്കേണ്ടതാണ്. അപ്പോൾ പിന്നെ ഫീസ് അടയ്ക്കുന്നില്ല അവൾക്ക് ഒരു സെമസ്റ്റർ നഷ്ടം ആവുമെന്ന ഒരു അവസ്ഥ എത്തി. അതുകഴിഞ്ഞ് ഡിസംബറിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ കാശു വന്ന് അത് വയ്ക്കാമെന്ന് വിചാരിച്ചപ്പോൾ അതും വരാൻ വൈകി. പിന്നീട് പണം വന്നപ്പോൾ അവളുടെ ഫീസടക്കാൻ സാധിച്ചു. അവിടെ മുതലാണ് ഞാൻ തീരുമാനിക്കുന്നത് ഇനിയും സിനിമ ചെയ്യണമെന്ന്.”