ലക്കി സിംഗായി മോഹൻലാൽ… വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററിന് പ്രതീക്ഷകളേറെ; റിലീസ് തീയതി ഒക്ടോബർ 21 – ന്
‘പുലിമുരുകൻ’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ആരാധകർ ആഘോഷമാക്കിയിരുന്നു. ലക്കീ സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക. ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ആദ്യത്തേത് കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിൽ എത്തിയ ‘മല്ലൂസിംഗ്’ എന്ന ചിത്രമായിരുന്നു.
ഇപ്പോഴിതാ മോൺസ്റ്ററിന്റെ റിലീസ് ഉടനെ ഉണ്ടാകുമെന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. ഒക്ടോബർ 21 ദീപാവലി റിലീസ് ആയിട്ടായിരിക്കും ചിത്രം തിയറ്ററുകളിൽ എത്തുക. ട്രേഡ് അനലിസ്റ്റും എന്റർടെയിൻമെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം റിലീസിനെ പറ്റിയുള്ള വിവരം പങ്കുവെച്ചത്. മോൺസ്റ്റർ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പുകൾ ഉടൻ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കു നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് മോൺസ്റ്റർ. ചായഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം. വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ എന്നിവരാണ് അണിയറ പ്രവർത്തകർ. അതുപോലെതന്നെ മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ‘ബറോസ്’ എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് മോഹൻലാൽ ആരാധകർ കാത്തിരിക്കുന്നത്. ഇതൊരു ത്രീഡി ചിത്രമായിരിക്കും എന്നും ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കും പുറത്തിറങ്ങുക എന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. 2019 – ൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞ ജൂലൈ 29 ന് ആയിരുന്നു.