‘ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം വലിയ വിഡ്ഢിത്തമാണ്’; പ്രതിഷേധവുമായി ആര്‍ആര്‍ആര്‍ ആരാധകര്‍
1 min read

‘ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം വലിയ വിഡ്ഢിത്തമാണ്’; പ്രതിഷേധവുമായി ആര്‍ആര്‍ആര്‍ ആരാധകര്‍

ബാഹുബലി 2നു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. 1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആര്‍ആര്‍ആറിന് ഓസ്‌കാര്‍ പുരസ്‌കാരം നേടാന്‍ വലിയ സാധ്യതയാണ് കല്പിക്കപ്പെട്ടിരുന്നത്. അമേരിക്കന്‍ മാഗസീന്‍ വെറൈറ്റി പുറത്തുവിട്ട ഓസ്‌കാര്‍ സാധ്യതാ പട്ടികയില്‍ ആയിരുന്നു ചിത്രത്തിന്റെ പേര് വന്നത്. എന്നാലിപ്പോഴിതാ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഓഫിഷ്യല്‍ എന്‍ട്രിയില്‍ നിന്നും ആര്‍ആര്‍ആറിനെ തഴഞ്ഞ വാര്‍ത്തയാണ് പുറത്തുവരുന്നത്. നളിന്‍ സംവിധാനം ചെയ്ത ചെല്ലോ ഷോയാണ് ഇന്ത്യയില്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഒഫിഷ്യല്‍ എന്‍ട്രിയില്‍ തെരഞ്ഞെടുത്ത ചിത്രം. ആര്‍ആര്‍ആറിനെ തഴഞ്ഞതില്‍ പ്രതിഷേധവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തെ തെരഞ്ഞെടുക്കാത്തത് വിശ്വസിക്കാന്‍ ആവുന്നില്ലെന്നാണ് പല ആരാധകരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ഓസ്‌കാര്‍ വലിയ വിഡ്ഢിത്തമാണെന്നും ആരാധകര്‍ പറയുന്നു. റാം ചരണും ജൂനിയര്‍ എന്‍ടിആറും രാജമൗലിയും ഓസ്‌കാര്‍ പുരസ്‌കാരം പിടിച്ച് നില്‍ക്കുന്ന എഡിറ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. വെറൈറ്റി ഉള്‍പ്പെടെയുള്ള വിദേശ മാധ്യമങ്ങളുടെ ഓസ്‌കര്‍ പ്രെഡിക്ഷന്‍ ലിസ്റ്റിലും ആര്‍ആര്‍ആര്‍ ഇടംപിടിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലെല്ലാം തന്നെ ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആര്‍ആര്‍ആര്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിന് തഴഞ്ഞതാണ്. അതേസമയം വരുന്ന ഓസ്‌കര്‍ പുരസ്‌കാരങ്ങളിലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചെല്ലോ ഷോ എന്ന സിനിമ മത്സരിക്കുക. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.

പാന്‍ നളിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ഛെല്ലോ ഷോ. ഓസ്‌കാര്‍ എന്‍ട്രിയില്‍ സന്തോഷം രേഖപ്പെടുത്തി സംവിധായകന്‍ നളിനും രംഗത്തെത്തിയിരുന്നു. അവസാന സിനിമാ പ്രദര്‍ശനം എന്നാണ് ഈ സിനിമാ പേരിന്റെ അര്‍ത്ഥം. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പത് വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.