‘കടുവ’ കൂട്ടിലാകുമോ? മാപ്പ് അപേക്ഷിച്ച് ഷാജി കൈലാസും പൃഥ്വിരാജും… വേദന പങ്കുവെച്ച പെൺകുട്ടിയുടെ കുറിപ്പ് ചർച്ചയാകുന്നു
ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കടുവ കാണാനെത്തിയപ്പോഴുണ്ടായ അനുഭവം ഫാത്തിമ അസ്ല എന്ന പെൺകുട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ചെറുതെങ്കിലും സമൂഹത്തെ വലിയ രീതിയിൽ ചിന്തിപ്പിക്കുന്ന ഒരു കുറിപ്പ് ആയിരുന്നു അത്. സിനിമയിൽ ആണെങ്കിലും മാസ്സ് കാണിക്കാനും, ആഘോഷിക്കാനും, കയ്യടിക്കാനുമുള്ള രംഗങ്ങളും സംഭാഷണങ്ങളും ചേർക്കുമ്പോൾ കുറച്ചൊന്നു ശ്രദ്ധിക്കണമെന്ന് ഫാത്തിമയുടെ ഈ കുറിപ്പിലൂടെ മനസ്സിലാകും. അത്തരത്തിലുള്ള സംഭാഷണങ്ങൾ എല്ലാവരും ഒരു പോലെ ആസ്വദിക്കണം എന്നില്ല. അതിൽ ഏറെ വേദനിക്കുന്നവരും ഉണ്ട്. അവരുടെയെല്ലാം പ്രതിനിധിയാണ് ഫാത്തിമ. ഫാത്തിമയും ഫാത്തിമയെ പോലെ വേദന തോന്നിയ സമൂഹവും അത്തരത്തിലുള്ള സംഭാഷണത്തിന് എതിരെ പറഞ്ഞപ്പോൾ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസും നടൻ പ്രിഥ്വിരാജും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും ക്ഷമാപണം കുറിച്ചത്.
താൻ സംവിധാനം ചെയ്ത ‘കടുവ’ എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നു, ആ സംഭാഷണശകലം ഒരു കൈപ്പിഴയാണെന്നും മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്നാണ് അഭ്യര്ഥിക്കാനുള്ളതുമെന്ന് ഷാജി കൈലാസ് പറയുന്നു. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്നും വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നതെന്നും അദ്ദേഹം കുറിച്ചു.
നമ്മള് ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണെന്നും മക്കളുടെ കര്‍മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നുവെന്നും ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു അതെന്നും ബൈബിളിലെ ‘പിതാക്കന്മാര് പച്ചമുന്തിരിങ്ങ തിന്നു,മക്കളുടെ പല്ല് പുളിച്ചു’ എന്ന വചനം മുൻനിർത്തി ഷാജി കൈലാസ് പറയുന്നു. ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന് ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുകയാണെന്നും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ലെന്നും മക്കളെ സ്നേഹിക്കുന്ന ഒരച്ഛനാണ് താനുമെന്നും അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുഉണ്ടെന്നും വൈകാരികമായുള്ള ഭാഷയിൽ ഷാജികൈലാസ് കൂട്ടിച്ചേർത്തു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകുമെന്നും ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായെന്നും നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ മാപ്പ് പറയുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഷാജി കൈലാസിന്റെ ഈ കുറിപ്പ് ഷെയർ ചെയ്തുകൊണ്ട് സംഭവത്തിൽ മാപ്പ് അറിയിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജും.
തെറ്റ് ചെയ്യുന്നവർ ആരായാലും സമൂഹം അവരെ എതിർക്കുകയും വിമർശിക്കുകയും ചെയ്യും. സിനിമയിലെ ഈ സംഭാഷണത്തിന് എതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഭിന്നശേഷിക്കാർക്ക് എതിരെ പറഞ്ഞ സംഭവത്തിൽ കടുവയുടെ അണിയറപ്രവർത്തകർക്ക് എതിരെ കേസ് അടക്കമുള്ള നിയമനടപടികൾ ഉണ്ടാകും. സോഷ്യൽ മീഡിയയിൽ അടക്കം വന്ന നിരവധി പ്രതിഷേധ കുറിപ്പുകൾക്ക് ഒടുവിലാണ് ഷാജി കൈലാസും പൃഥ്വിരാജും ഇത്തരത്തിലൊരു ക്ഷമാപണവുമായി രംഗത്തെത്തിയത്.