‘ഓളവും തീരവും’ ; മോഹൻലാലിന് വേണ്ടി പ്രിയദർശൻ – എംടി വാസുദേവന്‍ നായർ ഒന്നിക്കുന്നു! ഷൂട്ടിംങ് ആരംഭിച്ചു
1 min read

‘ഓളവും തീരവും’ ; മോഹൻലാലിന് വേണ്ടി പ്രിയദർശൻ – എംടി വാസുദേവന്‍ നായർ ഒന്നിക്കുന്നു! ഷൂട്ടിംങ് ആരംഭിച്ചു

രചയിതാവ് എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ഷൂട്ടിംങ് തുടങ്ങി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നനത് മോഹന്‍ലാല്‍ ആണ്. ‘ഓളവും തീരവും’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സന്തോഷ് ശിവനാണ്. ചിത്രത്തിന് കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്.

അതേസമയം, സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ചങ്ങാടം തുഴയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൊമ്മന്‍കുത്ത് പുഴയിലെ കുത്തൊഴുക്ക് വകവെയ്ക്കാതെയാണ് ചിത്രീകരണത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ ചങ്ങാടം തുഴഞ്ഞത്. ലുങ്കിയും ഷര്‍ട്ടുമിട്ട് തലയില്‍ കെട്ടുംകെട്ടി ഒറ്റയ്ക്കായിരുന്നു മോഹന്‍ലാല്‍ ചങ്ങാടം തുഴഞ്ഞത്. ശനിയാഴ്ചയാണ് മോഹന്‍ലാല്‍ ഷൂട്ടിങ്ങിന് എത്തിയത്. ചിത്രീകരണത്തിനിടെ ആരോ ഫോണില്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായത്. തൊടുപുഴ, തൊമ്മന്‍കുത്ത്, കാഞ്ഞാര്‍ എന്നിവടങ്ങിലാണ് ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുന്നത്.

അമ്പതു വര്‍ഷം മുന്‍പ് പ്രശസ്ത സംവിധായകന്‍ പിഎന്‍ മേനോന്‍ ‘ഓളവും തീരവും’ സിനിമയാക്കിയിരുന്നു. എം ടി വാസുദേവന്‍ നായര്‍ രചിച്ച് പി എന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്‌കാരമായിരിക്കും ഈ ചിത്രം. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് മൂവി എന്നാണ് ഓളവും തീരവും അറിയപ്പെടുന്നത്. ആ ചിത്രത്തിനും അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കുമുള്ള ആദരമെന്ന നിലയില്‍ ഇപ്പോള്‍ ആ ചിത്രം പുനരവതരിപ്പിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. അന്ന് ചിത്രത്തില്‍ മധു, ഉഷ നന്ദിനി, ജോസ് പ്രകാശ്, നിലമ്പൂര്‍ ബാലന്‍ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതിന്റെ ഈ പുനരവതരണത്തില്‍ മോഹന്‍ലാല്‍, ദുര്‍ഗാ കൃഷ്ണ, ഹരീഷ് പേരാടി, മാമുക്കോയ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. എം.ടി വാസുദേവന്‍ നായര്‍ രചിച്ച പഴയ ചിത്രത്തില്‍ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഹരീഷ് പേരടി അവതരിപ്പിക്കുന്നത്.