പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും മോഹൻലാൽ; ‘ഓളവും തീരവും’ ഒരുങ്ങുമ്പോൾ തന്നെ വൈറൽ
1 min read

പ്രേക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടും മോഹൻലാൽ; ‘ഓളവും തീരവും’ ഒരുങ്ങുമ്പോൾ തന്നെ വൈറൽ

ഈ പുഴയാണ് സാറേ എന്റെ അമ്മ.. വിശന്നപ്പോഴൊക്കെ ഊട്ടി, കരഞ്ഞപ്പോള് ആ കണ്ണീര് കൊണ്ടുപോയി.. നരൻ സിനിമയുടെ അവസാനം മോഹൻലാൽ ഈ ഡയലോഗ് പറയുമ്പോൾ സിനിമാ ആസ്വാദകന് അത് ഇന്നും ഹൃദയസ്പർശിയായ കാര്യമാണ്. മുള്ളൻകൊല്ലി എന്ന നാടും അവിടുത്തെ പുഴയും ആ പുഴയിൽ നിറഞ്ഞു നീന്തുന്ന വേലായുധനും ജനങ്ങൾക്ക് ഇന്നും പ്രിയപ്പെട്ടതാണ്.

നരനിൽ മോഹൻലാൽ എടുത്ത റിസ്കുകൾ നമുക്കറിയാം. അന്ന് അപകടസാധ്യതകൾ ഏറെയുണ്ടായിട്ടും നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴയിൽ അദ്ദേഹം നീന്തി തുടിച്ചത് സിനിമയോടുള്ള അതിയായ ആഗ്രഹവും ഉത്തരവാദിത്വം ഒന്നുകൊണ്ട് തന്നെയാണ്. വളരെ ശക്തനായ വേലായുധൻ അത്രത്തോളം നിഷ്കളങ്കനും സാധുവും ആണെന്ന് സിനിമ പറയുന്നുണ്ട്. ആ മുള്ളൻകൊല്ലി വേലായുധനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി കൊണ്ടിരിക്കുന്നത്. കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം ഒറ്റയ്ക്ക് തുഴഞ്ഞുപോകുകയാണ് മോഹൻലാൽ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഓളവും തീരവും’ എന്ന സിനിമ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായത്.

തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. എം ടി വാസുദേവൻ നായർ രചിച്ച് പി എൻ മേനോൻ സംവിധാനം ചെയ്ത പഴയ ചിത്രത്തിന്റെ പുനരാവിഷ്കാരമായിരിക്കും ഇത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം. കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങി മറ്റ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ചിത്രത്തിൽ ആര്‍പിഎസ്ജി ഗ്രൂപ്പും നിര്‍മ്മാണ പങ്കാളിയാണ്. പഴയ ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയില്‍ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്.

അതിൽ ജോസ് പ്രകാശ് വില്ലനായും എത്തി. മധുവിന് പകരക്കാരനായാണ് മോഹൻലാൽ എത്തുന്നത്. എന്നാൽ നബീസ ആയി ആര് എത്തും എന്നുള്ള വിവരം പുറത്തുവിട്ടിട്ടില്ല. ദുർഗാ കൃഷ്ണ എത്തുന്നുമെന്നാണ് സൂചന. എം ടിയുടെ പത്ത് ചെറുകഥകളെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് പ്രിയദർശന്റെ ഓളവും തീരവും. ചിത്രീകരണം പൂർത്തിയായാൽ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുക. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് മേക്കിംഗ് സിനിമയാണ് ഓളവും തീരവും. ഈ സിനിമ പ്രദര്‍ശനത്തിനെത്തിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോൾ അതിന്റെ അണിയറപ്രവര്‍ത്തകര്‍ക്കം സിനിമയുടെ ഭാഗമായ എല്ലാവർക്കും ആദരമെന്ന നിലയിലാണ് പ്രിയദർശനും സംഘവും ഓളവും തീരവും പുനഃസൃഷ്ടിക്കുന്നത്.