‘മമ്മൂക്കയുടേയും ലാലേട്ടന്റേയും മികച്ച പ്രകടനങ്ങൾ നമ്മളെല്ലാം കാണാനിരിക്കുന്നതേയുള്ളൂ’ : പൃഥ്വിരാജ് സുകുമാരൻ
1 min read

‘മമ്മൂക്കയുടേയും ലാലേട്ടന്റേയും മികച്ച പ്രകടനങ്ങൾ നമ്മളെല്ലാം കാണാനിരിക്കുന്നതേയുള്ളൂ’ : പൃഥ്വിരാജ് സുകുമാരൻ

ഇന്നലെ വരെ നമ്മൾ കണ്ട് പരിചയിച്ച  മമ്മൂക്കയായിരിക്കില്ല ഇനി മുതൽ നമ്മൾ കാണാനിരിക്കുന്നതെന്ന് മുൻപേ നടൻ പൃഥ്വിരാജ് സൂചിപ്പിച്ചിരുന്നു. പൃഥ്വിരാജ് പറഞ്ഞതു പോലെ ഭീഷ്മ പർവ്വവും, നൻപകൽ നേരത്ത് മയക്കവും, പുഴുവും ഉൾപ്പടെയുള്ള മമ്മൂട്ടിയുടെ വന്നതും വരാനിരിക്കുന്നതുമായ ചിത്രങ്ങളിളെല്ലാം അത്തരത്തിലൊരു വ്യത്യാസം പ്രകടമായിരുന്നു.  എന്തുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ച് ഇത്തരത്തിലൊരു അഭിപ്രായം നടത്താൻ കാരണമെന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.  ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടേയും, മോഹൻലാലിൻ്റെയും വരാനിരിക്കുന്ന സിനിമകളിലെ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.

പൃഥ്വിരാജിൻ്റെ വാക്കുകൾ ഇങ്ങനെ …

മലയാള സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് മമ്മൂക്കയും, ലാലേട്ടനും. അവര്‍ മലയാളത്തിലേയ്ക്ക് കടന്നു വന്ന സമയത്ത് ഭയങ്കര പാത്ത് ബ്രേക്കിങ്ങ് ആയിട്ടുള്ള കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്യപ്പെട്ടിരുന്ന ഇന്‍ഡസ്ട്രിയാണ് മലയാളം. എം.ടി സാറും, കെ.ജി ജോര്‍ജ് സാറും ഉള്‍പ്പെടെയുള്ളവര്‍ അതിമനോഹരമായി നല്ല തിരക്കഥ എഴുതുന്ന സമയമായിരുന്നു. അതിന് ശേഷമാണെങ്കില്‍ ലോഹി സര്‍, ശ്രീനിയേട്ടന്‍, ഡെന്നിസ് ജോസഫ് സാര്‍ പോലെയുള്ളവര്‍ പിന്നീട് ഈ പാത പിന്തുടർന്നു. ഇവയെല്ലാം സംഭവിക്കുന്നതിനിടയ്ക്ക്  ചില തമിഴ് ഹിന്ദി സിനിമകളൊക്കെ വലിയ ചലനം സൃഷ്ടിക്കാൻ തുടങ്ങിയപ്പോള്‍ അത്തരത്തിലാണോ നമ്മളും ഇനി സിനിമ പിടിക്കേണ്ടതെന്ന് ഞാൻ ഉൾപ്പടെയുള്ളവർ ചിന്തിച്ച സമയമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടന്റുകൾ വെച്ച് മാത്രമേ നമുക്ക് മത്സരിക്കാനാവൂ എന്ന് നമ്മള്‍ തിരിച്ചറിഞ്ഞു. അത്തരം തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ ഒരുപാട് പുതിയ ഫിലിം മേക്കേര്‍സ്, ലിജോയേയും, ദിലീഷിനേയും, അമല്‍ നീരദിനേയും പോലുള്ള പുതിയ ഉഗ്രന്‍ ടാലന്റുകളെ നമ്മുക്ക് ലഭിച്ചു. ഇവരെപോലുള്ള നല്ല സംവിധായകർ ലാലേട്ടനുമായും, മമ്മൂട്ടിയുമായി കൂടി ചേർന്നപ്പോൾ അതൊരു നല്ല തുടക്കമായി. ഓരോ ആക്ടറിലെയും വ്യത്യസ്തതയെ കണ്ടെത്തുവാനും, അതിനെ പുറത്തെടുക്കുവാനും അവർ ശ്രമിച്ചു. ശ്രമം വിജയം കാണുകയും ചെയ്തു.

നൻപകൽ നേരത്ത് മയക്കമെന്ന സിനിമയിൽ മമ്മൂക്കയെ വളരെ വ്യത്യസ്തമായിട്ടാണ് ലിജോ ജോസ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സിനിമ ആസ്വദിക്കുന്ന പ്രേക്ഷകൻ എന്ന നിലയ്ക്ക് ലാലേട്ടന്‍ പുതിയ എന്റര്‍പ്രൈസിങ് ഫിലിം മേക്കറുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്കത് ഭയങ്കര ത്രില്ലിങ്ങായി തോന്നാറുണ്ട്. ഞാനിപ്പോഴും വിശ്വസിക്കുന്നത് അവരുടെയെല്ലാം പുതിയ മുഖങ്ങൾ നമ്മുക്ക് ഇനിയും കാണാൻ സാധിക്കുമെന്നാണ്. ‘ലൂസിഫർ’ സിനിമയുടെ കാര്യമെടുത്താൽ പോലും ലാലേട്ടന്‍ വര്‍ക്ക് ചെയ്ത ആള്‍ക്കാരെ വെച്ചുനോക്കുമ്പോള്‍ ഞാനും മുരളിയും പുതിയ ആളുകളായിരുന്നു. ഒരു സ്റ്റാറിനെ എങ്ങനെ ഷോ കേസ് ചെയ്യണമെന്നതിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യത്യസ്തമായ ഒരു ധാരണയുണ്ടായിരുന്നു.

രണ്ട് മണിക്കൂർ 57 മിനുട്ടാണ് ലൂസിഫറിൻ്റെ ഫൈനൽ കട്ട് ഉണ്ടായിരുന്നത്. അതില്‍ വെറും 42 മിനുറ്റേ ലാലേട്ടന്‍ ഉണ്ടായിരുന്നുള്ളു. സിനിമ ആരംഭിക്കുന്നതിന് മുന്‍പ് മൂന്ന് മണിക്കൂര്‍ സിനിമയില്‍ ലാലേട്ടന്‍ ഇത്രയേ ഉള്ളൂ കേട്ടോ എന്ന് പറഞ്ഞാല്‍ അയ്യോ അത് കുഴപ്പമാണല്ലോ എന്ന് അഭിപ്രായം വരും. എന്നാൽ ലാലേട്ടനെപോലുള്ള ഒരു സൂപ്പർ താരത്തെ വെച്ച് ഷോ കേസ് ചെയ്യാന്‍ കൃത്യമായ ഒരു മെത്തേഡ് ഞങ്ങളുടെ കൈയിലുണ്ടായിരുന്നു. അത്രയും മതി കാരണം അദ്ദേഹം അത്രയ്ക്ക് പൗർഫുളാണ്.  അത്രയും വലിയ ഫാന്‍ ഫോളോയിങ് ഉള്ള സ്റ്റാറാണ് അദ്ദേഹം. അതുകൊണ്ടാണ് അത്രയും മതിയെന്ന് തീരുമാനിച്ചത്.  അത് ഞങ്ങളുടെ ഒരു പുതിയ ചിന്തയായിരുന്നു. അടുത്ത ആള്‍ വരുമ്പോള്‍ ഇനിയും പുതിയ ആലോചനകളുമായി മാറേണ്ടതുണ്ട്.  15 വര്‍ഷം മുൻപ് 5 കോടി മുടക്കിയെടുക്കുന്ന സിനിമ ബിഗ്ബജറ്റ് ചിത്രമാണെങ്കില്‍ ഇന്ന് 30 കോടി വരുന്ന ഒരു സിനിമ എടുക്കുക എന്ന് പറയുന്നത് നമ്മുക്ക് ഓക്കെയാണ്” പൃഥ്വിരാജ് കൂട്ടിച്ചേർത്തു .