മലയാള സിനിമയിലെ അഭിനയ പ്രതിഭയ്ക്ക് വിട : മുതിർന്ന നടൻ ‘കൈനകരി തങ്കരാജ്’ വിടവാങ്ങി
1 min read

മലയാള സിനിമയിലെ അഭിനയ പ്രതിഭയ്ക്ക് വിട : മുതിർന്ന നടൻ ‘കൈനകരി തങ്കരാജ്’ വിടവാങ്ങി

പ്രശസ്ത ചലച്ചിത്ര – നാടക നടൻ കൈനകരി തങ്കരാജ് (77) വിടവാങ്ങി.  കൊല്ലം കേരളപുരം വേളം കോണോത്ത് സ്വദേശിയാണ് ഇദ്ദേഹം. പ്രശസ്ത നാടക കലാകാരൻ കൃഷ്ണൻ കുട്ടി ഭാഗവതരുടെ മകൻ കൂടിയാണ് കൈനകരി തങ്കരാജ്. പതിനായിരത്തിലേറേ വേദികളിൽ പ്രധാന വേഷങ്ങളിൽ തിമിർത്ത് അഭിനയിച്ച അപൂർവ്വം നാടക നടന്മാരിൽ ഒരാളായ തങ്കരാജ് കെഎസ്ആർടിസിയിലേയും, കയർ ബോർഡിലേയും ജോലി ഉപേക്ഷിച്ച് അഭിനയ ജീവിതത്തിലേയ്ക്ക് കടന്നു വരികയായിരുന്നു. ഇടയ്ക്ക് വെച്ച് നാടകങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ കലയെ കൈവിടാതെ സിനിമയിലേയ്ക്ക് പ്രേവേശിക്കുകയിരുന്നു.

പ്രേംനസീർ നായകനായി എത്തിയ ‘ആനപ്പച്ചൻ’ ആയിരുന്നു ആദ്യ ചിത്രം. ചിത്രത്തിൽ പ്രേംനസീറിൻ്റെ അച്ഛനായി അഭിനയിക്കുവാൻ അവസരം ലഭിച്ചു. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. പിന്നീട് വീണ്ടും കെപിഎസിയിയുടെ നാടക ഗ്രൂപ്പുകളിൽ ചേർന്ന് സജീവമായി പ്രവർത്തിച്ചു.   എന്നാൽ വൈകാതെ തന്നെ വീണ്ടും സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുകയായിരുന്നു. ഈയിടെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ഈ എ യൗ ‘ എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. കൂടാതെ ലൂസിഫറിലെ ‘കൃഷ്ണൻ നെടുമ്പള്ളി’, ഇഷ്ഖിലെ ‘മുരുകൻ’, ഹോമിലെ ‘അപ്പച്ചൻ’ എന്നീ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കരൾ രോഗബാധയെത്തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു . ഇന്ന് ഉച്ചയ്ക്ക് കേരളപുരത്തെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വേറിട്ടഅഭിനയം കാഴ്ചവെച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ പ്രിയ നടനെ നഷ്ടമാവുമ്പോൾ ചലച്ചിത്രലോകത്തിന് ഒരിക്കലും നികത്താൻ കഴിയാത്ത വലിയൊരു വിടവ് തന്നെയാണ്.