‘ഷൈൻ ടോം ചാക്കോ ബീസ്റ്റിലെ മെയിൻ വില്ലനോ..?’ ; ട്രെയിലറിൽ തന്റെ ഭാഗം പോസ്റ്റ്‌ ചെയ്ത് സൂചന നൽകി ഷൈൻ ടോം ചാക്കോ
1 min read

‘ഷൈൻ ടോം ചാക്കോ ബീസ്റ്റിലെ മെയിൻ വില്ലനോ..?’ ; ട്രെയിലറിൽ തന്റെ ഭാഗം പോസ്റ്റ്‌ ചെയ്ത് സൂചന നൽകി ഷൈൻ ടോം ചാക്കോ

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. ഏപ്രില്‍ 13നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബീസ്റ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോഴിതാ ബീസ്റ്റിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയ ചിത്രം പ്രേക്ഷകര്‍ക്കൊരു വിരുന്ന് തന്നെയാകുമെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നത്. മാസ്സും ആക്ഷനും എല്ലാം ഒത്തുചേര്‍ന്ന ട്രെയ്‌ലര്‍ ഇതിനോടകം തരംഗം തീര്‍ത്തു കഴിഞ്ഞു.

റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 22 മില്യണിലധികം കാഴ്ച്ചക്കാരെയാണ് ട്രെയിലര്‍ സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. മലയാളികളുടെ പ്രിയ താരമായ ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന് വാര്‍ത്തകള്‍ വരുകയും ഷൈന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ബീസ്റ്റ് ചിത്രത്തിന്റേതായി പുറത്തു വരുന്ന എല്ലാ അപ്‌ഡേറ്റ്‌സും ഷെയര്‍ ചെയ്യാറുമുണ്ടായിരുന്നു. എന്നാലിപ്പോഴിതാ ട്രെയ്‌ലറില്‍ ഷൈനിനെ കണ്ടില്ലെന്നും ഇനി താരം ബീസ്റ്റില്‍ ചെറിയ റോള്‍ മാത്രമാണോ ചെയ്യുന്നത് എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.

അതേസമയം ഷൈന്‍ ചിത്രത്തില്‍ വില്ലന്‍ ആയാണ് എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്ന് മിനിറ്റ് നീണ്ട ട്രെയ്‌ലറില്‍ ഒരിടത്ത് പോലും കണ്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിന് ഒരു വലിയ സൂചന നല്‍കി ഷൈന്‍ തന്നെ ഒരു ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇത് കണ്ട് ആരാധകരും സിനിമാ പ്രേമികളും വന്‍ ആകാംഷയിലുമാണ്. ഇതാണ് ഷൈന്‍ എങ്കില്‍ പൊളിക്കുമെന്നാണ് പലരും പറയുന്നത്. എന്തായാലും ഈ ഫോട്ടോ കണ്ടതോടെ ഷൈന്‍ മെയിന്‍ വില്ലനാണെന്നും ട്രെയ്‌ലറില്‍ കാണാതിരുന്നത് അതുകൊണ്ടായിരിക്കുമെന്നെല്ലാമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും.

മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആയാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളും സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. പൂജാ ഹെഗ്‌ഡെയാണ് നായിക. മലയാളി താരമായ അപര്‍ണ ദാസും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.