വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി; ടർബോ 2ൽ വില്ലനായി മക്കൾ സെൽവം
1 min read

വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി; ടർബോ 2ൽ വില്ലനായി മക്കൾ സെൽവം

ഭ്രമയു​ഗത്തിന് ശേഷം തിയേറ്ററിലെത്തിയ മമ്മൂട്ടിച്ചിത്രമാണ് ടർബോ. വൈശാഖ്- മമ്മൂട്ടി കോമ്പോയിലിറങ്ങിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ടർബോ. ഈ രണ്ട് ചിത്രങ്ങളേക്കാളും ഹിറ്റാവുകയാണ് ടർബോ.

അതേസമയം രണ്ടാം ഭാഗത്തിനുള്ള സാധ്യതകളോടെയാണ് ചിത്രം അവസാനിച്ചത്. വിജയ് സേതുപതിയുടെ ശബ്ദത്തോടെയായിരുന്നു ചിത്രത്തിന്റെ ടെയ്ൽ എൻഡ്. ഇപ്പോഴിതാ വിജയ് സേതുപതിക്ക് നന്ദി പറഞ്ഞ് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് മമ്മൂട്ടി നന്ദി അറിയിച്ചിരിക്കുന്നത്. തമിഴ് ആരാധകരും മലയാളി ആരാധകരും ഒരേപോലെ ഈ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏറെക്കാലത്തിന് ശേഷം തിയേറ്ററിലെത്തുന്ന മമ്മൂട്ടിയുടെ ആക്ഷൻ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ടർബോയ്ക്ക്. ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിച്ചിട്ടുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. 2021ൽ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചത്. കമ്പനിയുടെ അഞ്ചാമത്തെ ചിത്രവും ആദ്യത്തെ ആക്ഷൻ ചിത്രവുമാണ് ടർബോ. റോഷാക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിർമ്മിച്ച ചിത്രങ്ങൾ.