‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേർ അമ്പലനടിയിൽ എത്തി’; കണക്കുകൾ പുറത്ത്
1 min read

‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേർ അമ്പലനടിയിൽ എത്തി’; കണക്കുകൾ പുറത്ത്

പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവരെ പ്രധാനവേഷത്തിലെത്തിച്ച് ഇറങ്ങിയ കോമഡി ഫാമിലി ചിത്രം ഗുരുവായൂർ അമ്പലനടയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. അമ്പരപ്പിക്കുന്ന കുതിപ്പാണ് ഗുരുവായൂർ അമ്പലനടയിൽ ആഗോളതലത്തിൽ നടത്തുന്നത്. ചിത്രം ഇതുവരെ 86 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 44.83 കോടി ഇതുവരെ കേരളത്തിൽ നിന്ന് മാത്രം നേടിയിട്ടുണ്ട്.

ഇപ്പോൾ ചിത്രം ഇതുവരെ അരക്കോടിയോളം പേർ കണ്ടുവെന്ന് അറിയിക്കുകയാണ് നിർമ്മാതാക്കൾ. ചിത്രത്തിലെ താരങ്ങൾ എല്ലാം അണിനിരക്കുന്ന പോസ്റ്ററിനൊപ്പം ‘കലക്കി ഈ കല്ല്യാണം, 50 ലക്ഷം പേർ അമ്പലനടിയിൽ എത്തി’ എന്നാണ് പറയുന്നത്. അതേ സമയം സിനിമ ഇപ്പോഴും തീയറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. കേരളത്തിൽ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനിൽ ഗുരുവായൂർ അമ്പലനടയിൽ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തിൽ ഒന്നാം സ്ഥാനത്തുമുണ്ട്. സംവിധായകൻ വിപിൻ ദാസിന്റെ ചിത്രത്തിന്റെ ഷോകൾ പൊതുവെ ഹൗസ്‍ഫുളായാണ് പ്രദർശനം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കോമഡി എന്റർടെയ്‍നർ ചിത്രമായിട്ടാണ് ഇത് തിയേറ്ററുകളിൽ എത്തിയത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ക്ലൈമാക്സ് രം​ഗത്തിലെ നന്ദനം റഫറൻസിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.

നിഖിത വിമൽ, അനശ്വര രാജൻ, ജ​ഗദീഷ്, രേഖ, സിജു സണ്ണി, തെന്നിന്ത്യൻ താരം യോ​ഗി ബാബു, ബൈജു സന്തോഷ്, സാഫ്, പിപി കുഞ്ഞികൃഷ്ണൻ, മനോജ് കെയു, ഇർഷാദ് അലി, രമേഷ് കോട്ടയം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർ​ഗീസ്, അരവിന്ദ് ആകാശ് എന്നിവർ അതിഥി വേഷത്തിലും എത്തുന്നുണ്ട് ഈ ചിത്രത്തിൽ.