പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാര്‍’ന് രണ്ട് ഭാഗങ്ങൾ
1 min read

പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന പ്രശാന്ത് നീൽ ചിത്രം ‘സലാര്‍’ന് രണ്ട് ഭാഗങ്ങൾ

ഭാഷാ ഭേദമന്യേ സിനിമ പ്രേക്ഷകരെ ഒന്നടങ്കം കയ്യിലെടുത്ത ചിത്രമാണ് കെ ജി എഫ്. പ്രശാന്ത് നീൽ എന്ന സംവിധായകൻ ഒരു ബ്രാൻഡ് ആയി മാറി എന്ന് തന്നെ പറയാൻ കഴിയും.  കാരണം ചിത്രത്തിന്റെ ആദ്യഭാഗത്തിനും രണ്ടാം ഭാഗത്തിനും അത്രയേറെ ആരാധക പിന്തുണയായിരുന്നു ലഭിച്ചത്. കെജിഎഫിന് ശേഷം പ്രശാന്ത് നീലിന്റെ അടുത്ത ചിത്രം ഏതാണ് എന്നറിയാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു അതിന് ഒരു ഉത്തരം നേരത്തെ തന്നെ ലഭിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി  പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘സലാർ’. ചിത്രവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ആരാധകർ അക്ഷമയോടെ ആയിരുന്നു കാത്തിരുന്നത്.

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ചിത്രത്തിന്റെ ഭാഗമാകുന്നു എന്നും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്ന വാർത്തകൾ ആരാധകർ ഇരുകയും നീട്ടിയാണ് സ്വീകരിച്ചത് . ബിഗ് സ്‌ക്രീനിൽ ഒരുങ്ങുന്ന സലാറിന്റെ റിലീസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രശാന്ത് നീലിന്റെ ചിത്രമായ സലാർ രണ്ട് ഭാഗങ്ങളായി എത്തുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. സലാറിന്റെ ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും എന്നാണ് പറയുന്നത്. എന്നാൽ കെജിഎഫ് പോലെ സലാറിന്റെ രണ്ട് ഭാഗങ്ങളും പുറത്തിറങ്ങില്ല എന്നാണ് അറിയുന്നത് പകരം, ആദ്യ ഭാഗം തിയേറ്ററുകളിൽ എത്തിയതിന് ശേഷം പ്രശാന്ത് നീൽ ജൂനിയർ എൻടിആറിനൊപ്പം ഒരു ചിത്രം ഒരുക്കുന്നുണ്ട് ഇത് റിലീസ് ആയതിന് ശേഷമേ സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കൂ എന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം അവസാനത്തോടെ സലാറിന്റെ ചിത്രീകരണം പൂർത്തീകരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. സാലറിൽ വരദരാജ മാന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. കറുത്ത ഗോപി അണിഞ്ഞ് കഴുത്തിലും മൂക്കിലും ആഭരണങ്ങൾ അണിഞ്ഞ് വില്ലനായി എത്തുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ  നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിക്കുന്ന ചിത്രത്തിൽ നായിക ശ്രുതി ഹാസനാണ് . ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, തുടങ്ങിയ വലിയതാര നിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.  ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ   എഡിറ്റിംഗ് ഉജ്വല് കുൽക്കർണിയാണ് . രവി ബസ്രൂർ ആണ് ചിത്രത്തിന്റെ  സംഗീത സംവിധായകൻ.