കല്ലെറിഞ്ഞവര്‍ കൈയ്യടിക്കുന്നു; തന്റെ സിംഹാസനം തിരിച്ചുപിടിച്ച് ഉദയകൃഷ്ണ
1 min read

കല്ലെറിഞ്ഞവര്‍ കൈയ്യടിക്കുന്നു; തന്റെ സിംഹാസനം തിരിച്ചുപിടിച്ച് ഉദയകൃഷ്ണ

ക്രിസ്റ്റിഫര്‍ എന്ന മമ്മൂട്ടി ചിത്രം ഇറങ്ങുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അതിന് കാരണം ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍ തന്നെയാണ്. അവസാനമായി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളായ ആറാട്ടും മോണ്‍സ്റ്ററും വലിയ പരാജയം ആയിരുന്നു. മാത്രമല്ല ആ പരാജയത്തിലെ കൂട്ടുകെട്ടായ ഉദയകൃഷ്ണയും ബി.ഉണ്ണികൃഷ്ണനും ചേരുമ്പോള്‍ അത് വീണ്ടും ഒരുപാട് പരിഹാസങ്ങള്‍ക്കാണ് വഴിവെച്ചത്. ഇരുവരുടേയും കൂടെ മമ്മൂട്ടി കൂടിയപ്പോള്‍ ആരാധകര്‍ക്കിടയില്‍ അടക്കം സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. 2022ല്‍ വ്യത്യസ്ഥ വേഷങ്ങളില്‍ എത്തി ഒരുപാട് ഹിറ്റുകള്‍ തന്ന മമ്മൂട്ടിക്ക് ഒരു പരാജയം നല്‍കാനാണ് ഇരുവരും കൂടെകൂടിയത് എന്ന ചര്‍ച്ചവരെ നടക്കുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് ക്രിസ്റ്റഫറിന് റിലീസിന് മുന്‍പ് സിനിമാപ്രേമികള്‍ക്കിടയില്‍ ഹൈപ് ഉണ്ടാവാതിരുന്നത്.

എന്നാല്‍ എല്ലാ പരിഹാസങ്ങളേയും മാറ്റിമറിച്ചുകൊണ്ട്, വായപൊത്തിപ്പിടിച്ച് ചിരിച്ചവരെ അത്ഭുതത്തോടെ വാതുറപ്പിച്ചിരിക്കുകയാണ് ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍. താന്‍ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ റൂട്ടുമാറ്റിയാണ് ഉദയകൃഷ്ണ ക്രിസ്റ്റിഫറിനായി പേന ചലിപ്പിച്ചത്. അതുകൊണ്ടുതന്നയായിരിക്കാം ചിത്രം അത്രയും വിജയമാകാന്‍ കാരണം. ഒരുകാലത്ത് മികച്ച ഒരുപാട് സിനിമകള്‍ സമ്മാനിച്ച ഉദയകൃഷ്ണ എന്ന എഴുത്തുകാരനില്‍ നിന്നും 2 ചിത്രങ്ങള്‍ അടുത്തായി പരാജയപ്പെട്ടപ്പോള്‍ അപ്പാടെ എഴുതിത്തള്ളിയ പ്രേക്ഷകര്‍ക്കടക്കം ഇപ്പോള്‍ മനസിലായിട്ടുണ്ടാകും ഉദയകൃഷ്ണ എന്ന എഴുത്തുകാരന്‍ വീണ്ടും എല്ലാം തേച്ചുമിനുക്കാന്‍ തുടങ്ങിയെന്ന്.

മലയാളത്തില്‍ വളരെയധികം സക്സസ് റേറ്റുള്ള തിരക്കഥാകൃത്തുക്കളിലൊരാളാണ് ഉദയ്കൃഷ്ണ. ബിഗ് എംസ് മുതലുള്ള വിവിധ താരങ്ങളെ നായകനാക്കി ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ നിരവധി ഹിറ്റ് സിനിമകളാണ് പിറന്നത്. ഇടക്കൊന്ന് വീണെങ്കിലും വീണ്ടും വിജയക്കുതിപ്പിലാണ് ഉദയകൃഷ്ണ. അതിന്റെ തുടക്കമാണ് ക്രിസ്റ്റിഫര്‍. മേക്കിങ്ങില്‍ പഴയ പാത പിന്തുടരുമ്പോഴും സ്ഥിരം ഉദയ്കൃഷ്ണ എലമെന്റുകള്‍ ഇല്ലാത്തത് പ്രേക്ഷകര്‍ക്ക് ആശ്വാസമാവുകയാണ് ക്രിസ്റ്റിഫറില്‍. അതില്‍ ഒന്നാമതായി എടുത്ത് പറയേണ്ടത് നായകന്‍ ഏജന്റല്ല എന്നുള്ളതാണ്. ഉദയ്കൃഷ്ണ ചിത്രങ്ങളില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമായിരുന്നു നായകന്റെ മാരക ട്രാന്‍സ്ഫര്‍മേഷന്‍. മാസ്റ്റര്‍ പീസില്‍ പ്രൊഫസര്‍ എഡ്വേഡ് ലിവിങ്സ്റ്റണ്‍ ഡി.ഐ.ജി. ആന്റോ ആന്റണി ഐ.പി.എസ് ആവുന്നതും ആറാട്ടില്‍ നെയ്യാറ്റിന്‍കര ഗോപന്‍ ഏജന്റ് എക്സ് ആവുന്നതും മോണ്‍സ്റ്ററില്‍ ലക്കി സിങ് ശിവദേവ് സുബ്രഹ്‌മണ്യന്‍ ഐ.പി.എസ് ആവുന്നതും കണ്ട് കണ്ണുതള്ളിയിരുന്നവരാണ് പ്രേക്ഷകര്‍.

എന്നാല്‍ ക്രിസ്റ്റഫറിലേക്ക് എത്തുമ്പോള്‍ നായകന് ഒരുമാറ്റവും ഇല്ലാതെ തുടക്കം മുതല്‍ ഒടുക്കം വരെ ഐ.പി.എസ് ഓഫീസറായ ക്രിസ്റ്റഫര്‍ തന്നെയാണ്. തന്റെ സിനിമകളില്‍ ട്രാന്‍സ്ഫര്‍മേഷന്‍ സീന്‍ ഒഴിവാക്കാന്‍ പറ്റാത്തുകൊണ്ടാവും നായകനില്ലെങ്കിലും മറ്റ് രണ്ട് പൊലീസ് കഥാപാത്രങ്ങള്‍ക്ക് ഒരു മാരക ട്രാന്‍സ്ഫര്‍മേഷന്‍ ക്രിസ്റ്റഫറില്‍ ഉദയ്കൃഷ്ണ നല്‍കിയിട്ടുണ്ട്. കഥയില്‍ പ്രത്യേകിച്ച് റോളൊന്നും ഇല്ലെങ്കിലും നായകന്റെ പിറകെ നടക്കാന്‍ കുറച്ച് പെണ്ണുങ്ങള്‍ ഉദയ്കൃഷ്ണ സിനിമകള്‍ക്ക് അത്യാവശ്യമായിരുന്നു. പുലിമുരുകനിലെ മോഹന്‍ലാലിന്റെ പിറകെ നടക്കാന്‍ തെന്നിന്ത്യന്‍ താരം നമിതയെ കൊണ്ടുവന്നതും മാസ്റ്റര്‍ പീസില് പൂനം പജ്വേയേയും ഈ ഗണത്തില്‍പ്പെടുത്താം. എന്നാല്‍ ക്രിസ്റ്റഫറില്‍ അങ്ങനെ ഒരാള്‍ ഇല്ലെന്ന് മാത്രമല്ല വന്ന സ്ത്രീകള്‍ക്കെല്ലാം സിനിമയില്‍ പ്രാധാന്യമുള്ള റോളുകളുമാണ് നല്‍കിയത്.

അതുപോലെ മറ്റൊന്ന് ഡബിള്‍ മീനിങ് ജോക്ക്സില്ല എന്നതാണ്. ആറാട്ടിലെ ഇന്‍ഡ്രോ സീനില്‍ സ്ത്രീശാക്തീകരണത്തെ പറ്റി സംസാരിച്ച് തുടങ്ങുന്ന നായകന്‍ പിന്നീട് അങ്ങോട്ട് ഡബിള്‍ മീനിങ് ജോക്ക്സിന്റെ ആറാട്ടാണ് നടത്തിയത്. മോണ്‍സ്റ്ററിലെ ലക്കി സിങ്ങിന്റെ കാര്യത്തിലും അതുതന്നെയായിരുന്നു അവസ്ഥ. ഡബിള്‍ മീനിങ് ജോക്ക്സ് പണ്ട് മുതലേ മലയാള സിനിമയുടെ ഭാഗമാണെങ്കിലും അടുത്ത കാലത്തായി ഇതില്ലാതിരിക്കാന്‍ ഫിലിം മേക്കേഴ്സ് ഏറെ ശ്രദ്ധ കാണിച്ചിരുന്നു. എന്നാല്‍ ഉദയ്കൃഷ്ണക്ക് അത് വിടാന്‍ ക്രിസ്റ്റഫര്‍ വരെ എത്തേണ്ടി വന്നു. ഇനിയുള്ള ചിത്രങ്ങളിലും ഇതുപോലെ നല്ല മികച്ച കഥ തന്നെ പ്രതീക്ഷിക്കാം.