‘യാത്ര’യ്ക്കുശേഷം മമ്മൂട്ടിയുടെ ഒരു തെലുങ്ക് ചിത്രം കൂടി; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ
1 min read

‘യാത്ര’യ്ക്കുശേഷം മമ്മൂട്ടിയുടെ ഒരു തെലുങ്ക് ചിത്രം കൂടി; റിലീസിംഗ് തീയതി പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ ‘റോഷാക്കാ’ണ് മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മൂന്നാം വാരം പിന്നിടുമ്പോഴും മികച്ച പ്രതികരണങ്ങളോടെയാണ് മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ മുന്നേറിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും ഒക്കെയായി സോഷ്യൽ മീഡിയകളിൽ റോഷാക്ക്‌ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. 2019 – ൽ പുറത്തിറങ്ങിയ ‘യാത്ര’യ്ക്കു ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ഏജന്റ്’. നാഗാർജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി നായകനാവുന്ന ചിത്രത്തിൽ ഒരു സുപ്രധാന റോളിൽ ആണ് മമ്മൂട്ടി എത്തുക.

മഹാദേവ് എന്ന പട്ടാള ഉദ്യോഗസ്ഥന്റെ വേഷം ആയിരിക്കും മമ്മൂട്ടി ചെയ്യുന്നത്. ‘സൈറ നരസിംഹ റെഡ്ഢി’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേന്ദ്രൻ റെഡിയാണ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആയ ഏജന്റ് സംവിധാനം ചെയ്യുന്നത്. എ കെ എന്റർടൈൻമെന്റ്സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മ സുങ്കരയാണ് ചിത്രം നിർമ്മിക്കുന്നത്. വക്കം വംശി തിരക്കഥയൊരുക്കിയ ചിത്രം ഈ വർഷം ഒക്ടോബർ 12 – ന് തീയറ്ററുകളിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിലും റിലീസ് നീണ്ടിരുന്നു. എന്നാൽ ഇപ്പോൾ നിർമ്മാതാക്കൾ ചിത്രത്തിന്റെ പുതിയ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 സംക്രാന്തി റിലീസ് ആയിട്ടായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജനുവരി 15 – നാണ് സംക്രാന്തി. പുതുമുഖമായ സാക്ഷി വൈദ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഏജന്റ് എന്ന ചിത്രം ഹിന്ദി, തമിഴ്, കന്നട, മലയാളം എന്നീ ഭാഷകളിലും ഒരേസമയം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടി അഭിനയിക്കുന്നു എന്നതിനാൽ മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. മമ്മൂട്ടിയുടെ ക്യാരക്ടർ പോസ്റ്റർ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തെന്നിന്ത്യൻ യുവ തരംഗം ഹിപ് ഹോപ് തമിഴ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. റസൂൽ എല്ലൂർ ആണ് ചായഗ്രഹണം ചിത്രത്തിന്റെ നിർവഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിങ്ങും അവിനാശ് കൊല്ലാ കലാ സംവിധാനവും നിർവഹിക്കുന്നു. അജയ് സുന്ദര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.