മമ്മൂട്ടിയും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
1 min read

മമ്മൂട്ടിയും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മ്മൂട്ടി- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമാ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്.

ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും സുരേഷ് ​ഗോപിയും വളരെ കാലത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടാകും ഈ ചിത്രത്തിന്. സിനിമയിൽ ഒരു സുപ്രധാന വേഷത്തിലാകും സുരേഷ് ഗോപി എത്തുക എന്നാണ് റിപ്പോർട്ട്. നേരത്തെ തന്നെ ചിത്രത്തിൽ ഒരു സൂപ്പർതാരത്തിന്റെ കാമിയോയുണ്ടാകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

ന്യൂഡൽഹി, നായർസാബ്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി മലയാളത്തിലെ നിരവധി ക്ലാസിക്കൽ സിനിമകളിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിന്റെ ദി കിംഗ് ആൻഡ് ദി കമ്മീഷണർ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ തിരക്കുകൾക്ക് ശേഷം മമ്മൂട്ടി സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. ഏപ്രിലിൽ ആയിരിക്കും മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യുക. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, മഹേഷ് നാരായണൻ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് എന്ന റിപ്പോർട്ടുകളുണ്ട്. യുഎസിലും യുകെയിലും ഡൽഹിയിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക.

ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി സംസ്ഥാന, ദേശീയ പുരസ്‌കാര ജേതാവായ കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും എന്നും സൂചനകളുണ്ട്. ടൈം ട്രാവൽ ഴോണറിൽ കഥ പറയുന്ന സിനിമയ്ക്കായി നടന്റെ സമ്മതം കിട്ടാൻ ഏറെ നാളുകളായി കാത്തിരിക്കുകയായിരുന്നു സംവിധായകൻ. ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത.