‘ഐ ആം എ ബ്ലഡി കോപ്’; സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി
1 min read

‘ഐ ആം എ ബ്ലഡി കോപ്’; സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി

സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്തിയ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് ഗരുഡന്‍. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ചിത്രം, 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നിങ്ങനെ പല പ്രത്യേകതകള്‍ ഉള്ളതിനാല്‍ നല്ല പ്രീ റിലീസ് ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഗരുഡൻ’ തിയറ്ററുകൾ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ആരാധകർക്ക് സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി. ചിത്രത്തിന്റെ സ്നീക്പീക് വീഡിയോ ആണ് നടൻ പുറത്തുവിട്ടിരിക്കുന്നത്. ഗരുഡനിലെ മാസ് ഡയലോഗും ആക്ഷൻ രംഗങ്ങളും കോർത്തിണക്കിയുള്ളതാണ് വീഡിയോ. ശ്രദ്ധനേടിയ ‘ഒൺസ് എ കോപ്, ആൾവേയ്സ് എ കോപ്, അൻഡ് ഐ ആം എ ബ്ലഡി കോപ്’ എന്ന ഡയലോഗും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഒക്ടോബർ 3നാണ് ഗരുഡൻ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി നേടുന്ന ചിത്രം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവയ്ക്കുക ആണ്. ഈ അവസരത്തിൽ ആണ് ചെറു വീഡിയോ സുരേഷ് ഗോപി പുറത്തുവിട്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയത്. “ആദ്യം ബിജു രണ്ടാം പകുതി സുരേഷേട്ടനും തകർത്തു. ഗരുഡൻ ഈ കോംബോയിൽ ഒറ്റക്കൊമ്പൻ കാത്തിരിക്കുന്നു, യഥാർത്ഥ പൊലീസ് ലുക്ക്, മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡിന് ശേഷം മറ്റൊരു മികച്ച ചിത്രം. ശരിക്കും ഒരു ആവേശകരമായ ത്രില്ലർ, തകർത്തു ബ്ലോക്ക് ബസ്റ്റർ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ജിനേഷ് എം രചിച്ച കഥയ്ക്കാണ് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ എഴുതിയിരിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാണം. ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വലിയ താരനിര എത്തുന്ന ചിത്രമാണിത്.

 

അതേസമയം, സുരേഷ് ഗോപിയുടെ 251മത്തെ ചിത്രം ഉടന്‍ തുടങ്ങുമെന്നാണ് വിവരം. രാഹുൽ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും.