”ക്യാമറ എവിടെയാണെങ്കിലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും”: അനുഭവം പങ്കുവെച്ച് എസ്ജെ സൂര്യ
1 min read

”ക്യാമറ എവിടെയാണെങ്കിലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും”: അനുഭവം പങ്കുവെച്ച് എസ്ജെ സൂര്യ

മോഹൻലാലിനെക്കുറിച്ച് തെന്നിന്ത്യൻ നടനും സംവിധായകനും തിരക്കഥാകൃത്തുമായ എസ്ജെ സൂര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. ഷൂട്ടിങ് സമയത്ത് ക്യാമറ എവിടെയാണെങ്കിലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മോഹൻലാൽ അത്രയ്ക്കും പ്ര​ഗത്ഭനായ നടനായത് കൊണ്ടാണ് സംവിധായകനോ മറ്റോ പറയാതെ തന്നെ കറക്റ്റ് സ്ക്രീൻ പൊസിഷനിൽ നിൽക്കുന്നതെന്നും സൂര്യ വ്യക്തമാക്കി.

”എവിടെ ക്യാമറ വെച്ചാലും മോഹൻലാൽ കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും. അത് എങ്ങനെ ചെയ്യുമെന്ന് അറിയില്ല. അദ്ദേഹം കറക്റ്റ് പൊസിഷനിൽ വന്ന് നിൽക്കും. അത് സംവിധായകൻ പറഞ്ഞ് കൊടുത്തില്ല. യഥാർത്ഥത്തിൽ അഭിനേതാവിന് അത് കഴിയണം”- എസ്ജെ സൂര്യ വ്യക്തമാക്കി. വൈബ്ടോക്ക്സ് എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ് ജസ്റ്റിൻ സൂര്യ എന്ന എസ്ജെ സൂര്യ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ പുകഴ്ത്തി സംസാരിച്ചത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് എസ്ജെ സൂര്യ മോഹൻലാലിനെക്കുറിച്ച് സംസാരിച്ചത്. താരത്തിന്റെ ജി​ഗർതണ്ട എന്ന ചിത്രം തെന്നിന്ത്യയിലാകെ ചർച്ചാവിഷയമായിട്ടുണ്ടായിരുന്നു. നായകനായും വില്ലനായും സഹനടനായുമെല്ലാം എസ്‌ജെ സൂര്യ കയ്യടി നേടിയിട്ടുണ്ട്. ഇരവി, മാനാട്, സ്‌പൈഡർ തുടങ്ങി തന്റെ പ്രകടനം കൊണ്ട് എസ്‌ജെ സൂര്യ ഗംഭീരമാക്കിയ സിനിമകൾ നിരവധിയാണ്.

ക്യാമറയുടെ പിന്നിൽ നിന്നും മുന്നിലെത്തിയ നിരവധി സംവിധായകരെ നമുക്കറിയാം. എന്നാൽ എല്ലാവർക്കും രണ്ടിടത്തും ഒരുപോലെ ശോഭിക്കാൻ സാധിച്ചെന്ന് വരില്ല. വളരെ ചുരുക്കം സംവിധായകർക്ക് മാത്രമാണ് അഭിനയത്തിലും കയ്യടി നേടാൻ സാധിച്ചിട്ടുള്ളത്. അതിൽ ഒരാളാണ് എസ്‌ജെ സൂര്യ.

ഏറെനാളത്തെ കഷ്ടപ്പാടിലൂടെയാണ് എസ്‌ജെ സൂര്യ സംവിധായകനായി മാറുന്നത്. നീണ്ട നാൾ പല പ്രമുഖ സംവിധായകരുടേയും സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് വാലി, ഖുഷി തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറി. സംവിധാനത്തിൽ കയ്യടി നേടിയ എസ്‌ജെ സൂര്യ അഭിനയത്തിലേക്ക് ചുവടുമാറ്റിയപ്പോഴും ആ വിജയം ആവർത്തിക്കുകയായിരുന്നു.