”ദിലീപും ജയറാമും ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയാവും, എന്നാൽ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല”: ഷൈൻ ടോം ചാക്കോ
പലപ്പോഴും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വാർത്തകളിൽ ഇടം നേടാറുളള താരമാണ് ഷൈൻ ടോം ചാക്കോ. മലയാളത്തിൽ കമലിന്റെ സഹ സംവിധായകനായി തന്റെ കരിയർ ആരംഭിച്ച് ഇപ്പോൾ നായകനടനായി വെള്ളിത്തിരയിൽ തിളങ്ങുന്ന താരം കൂടിയാണ് ഷൈൻ. ഇപ്പോഴിതാ നടൻ മലയാളത്തിലെ പ്രഗത്ഭരായ നടൻമാരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
ദിലീപും ജയറാമും ഏത് സംവിധായകന്റെ സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ തന്നെ സിനിമയായി മാറുമെന്നും എന്നാൽ മോഹൻലാലും മമ്മൂട്ടിയും ഏതെങ്കിലും ചിത്രത്തിൽ അഭിനയിച്ചാൽ അത് സംവിധായകന്റെ തന്നെ സിനിമയായിരിക്കുമെന്നുമാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“ദിലീപേട്ടനും ജയറാമേട്ടനുമൊക്കെ ആരുടെ പടത്തിൽ അഭിനയിച്ചാലും അത് അവരുടെ പടം തന്നെയാവും. പക്ഷെ മമ്മൂക്കയും ലാലേട്ടനും അങ്ങനെയല്ല. അവർ രണ്ട് പേരും അഭിനയിക്കുന്ന പടങ്ങൾ അവരുടെ സംവിധായകരുടെ പടം പോലെയിരിക്കും. ഖാലിദ് റഹ്മാൻ്റെ കൂടെ ഉണ്ട എന്ന ചിത്രം ചെയ്യുമ്പോഴാണ് മനസിലായത്, റഹ്മാൻ എന്നാൽ 27 വയസായ പയ്യൻ. മമ്മൂക്ക ഒരു പത്തമ്പത്താറ് വയസുള്ള ആളും.
എന്നിട്ടും അദ്ദേഹം റഹ്മാൻ പറയുന്നത് കേട്ട്, ചെയ്യുന്നത് കണ്ട് ഞാൻ അതിശയിച്ചു പോയി. അതായത് ഒരു കൊച്ച് അനുസരിക്കുന്ന പോലെയാണ് പുള്ളി ചെയ്യുന്നത്. മമ്മൂക്ക അദ്ദേഹത്തിന്റെ അഭിപ്രായങ്ങളൊക്കെ പറയും. പക്ഷെ സംവിധായകർ പറയുന്നതൊക്കെ അവർ അനുസരിക്കും. ഒരു അഭിനേതാവ് എന്നാൽ നല്ല അനുസരണ ശീലവും ക്ഷമയുമുള്ള ഒരു കുട്ടി ആയിരിക്കണം. അല്ലെങ്കിൽ അവർ ചെയ്യുന്ന കഥാപാത്രങ്ങൾ എപ്പോഴും ഒരുപോലെയായിരിക്കും.”- ഷൈൻ ടോം ചാക്കോ വ്യക്തമാക്കി.