‘ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല’; തിലകൻ ഇല്ലാത്ത ക്ലൈമാക്സിനേക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നു
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രമാണ് ‘നാടോടിക്കാറ്റ്’. 1987 – ലാണ് ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, ശ്രീനിവാസൻ, ശോഭന, തിലകൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹൻലാലും ശ്രീനിവാസനും മത്സരിച്ചഭിനയിച്ച ദാസൻ വിജയൻ കഥാപാത്രങ്ങൾ ഇന്നും മലയാള മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്. ആ കാലഘട്ടത്തിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയായിരുന്നു ചിത്രത്തിന്റെ പ്രമേയം. നാടോടിക്കാറ്റിന്റെ തുടർച്ചയായി പട്ടണപ്രവേശം, അക്കരെയക്കരെയക്കരെ എന്നീ ചിത്രങ്ങൾ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. സത്യൻ അന്തിക്കാട് തന്നെയായിരുന്നു ഈ ചിത്രങ്ങൾ സംവിധാനം ചെയ്തത്. ഈ മൂന്ന് ചിത്രങ്ങളും വൻ വിജയമാണ് സമ്മാനിച്ചത്.
മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിൽ സത്യൻ അന്തിക്കാട് നാടോടിക്കാറ്റിന്റെ വിശേഷങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തിലകൻ ഇല്ലാതെ ക്ലൈമാക്സ് ഷൂട്ട് ചെയ്തതിന്റെ വിശേഷങ്ങളാണ് ഇദ്ദേഹം പങ്കുവെക്കുന്നത്. സിനിമയിൽ അനന്തൻ നമ്പ്യാർ എന്ന അധോലോക നായകനായാണ് തിലകൻ അഭിനയിച്ചത്. ദാസനും വിജയനും സിഐഡികളാണെന്ന് തെറ്റിദ്ധാരിക്കുന്ന പേടിത്തൊണ്ടനായ കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. തിലകൻ ഇല്ലാത്ത ക്ലൈമാക്സിന്റെ വിശേഷങ്ങളെക്കുറിച്ച് സത്യൻ അന്തിക്കാട് പറയുന്നത് ഇങ്ങനെയാണ്. ‘തിലകൻ ചേട്ടന്റെ ഡേറ്റ് പ്രശ്നം കാരണം ക്ലൈമാക്സ് ചിത്രീകരിച്ചിരുന്നില്ല. ചിത്രം രണ്ടുമാസം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ അതിനിടയിൽ ചാലക്കുടിയിൽ വെച്ച് തിലകൻ ചേട്ടന്റെ കാർ ആക്സിഡന്റായി, ഡോക്ടർ മൂന്നുമാസം അദ്ദേഹത്തിന് റസ്റ്റ് വിധിച്ചു. അതോടെ റിലീസ് പ്ലാൻ പൊട്ടിയ മട്ടായി. പിന്നീട് തിലകൻ ചേട്ടൻ ഇല്ലാതെ ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം.
കോഴിക്കോട് മഹാറാണിയിലെ 306 നമ്പർ മുറിയിൽ ആയിരുന്നു പ്രതിസന്ധി മറികടക്കാൻ രണ്ടുദിവസം ഞങ്ങൾ തലപുകച്ച് ആലോചിച്ചു. പവനായി കൊണ്ടുവരാൻ അനന്തൻ നമ്പ്യാർ തീരുമാനിക്കുന്ന സീനുണ്ട്. അതാണ് ക്ലൈമാക്സിലേക്ക് നയിക്കുന്നത്. പക്ഷേ അത് ചെയ്യാൻ തിലകൻ ചേട്ടന് വരാൻ പറ്റില്ല. ഒടുവിൽ അനന്തൻ നമ്പ്യാരുടെ സഹായിയെ കൊണ്ട് ഒരു അഡീഷണൽ ഡയലോഗ് പറയിച്ചു. “ഇനി അനന്തൻ നമ്പ്യാർ പറഞ്ഞതുപോലെ പവനായി വന്നാലേ രക്ഷയുള്ളൂ…” അതായിരുന്നു ആ ഡയലോഗ്. അങ്ങനെ സീനുകൾ ഇന്റലിജന്റായി പൊളിച്ചെഴുതി. ക്ലൈമാക്സിൽ അനന്തൻ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീൻ വന്നപ്പോൾ തിലകൻ ചേട്ടന്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമർ കുമാറിനെ ഡ്യൂപ്പാക്കി വൈഡിൽ ക്യാമറ വെച്ചാണ് ആ സീൻ ചിത്രീകരിച്ചത്. ഇന്നുവരെ ആ രഹസ്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല, ആർക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല’.