”എംടി റക്കോർഡ് ചെയ്ത ഡയലോ​ഗുകൾ കേട്ടു പഠിച്ചു”, മമ്മൂട്ടിയുടെ ചന്തുവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; സത്യൻ അന്തിക്കാട്
1 min read

”എംടി റക്കോർഡ് ചെയ്ത ഡയലോ​ഗുകൾ കേട്ടു പഠിച്ചു”, മമ്മൂട്ടിയുടെ ചന്തുവിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല; സത്യൻ അന്തിക്കാട്

മ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഒരു വടക്കൻവീര​ഗാഥ’. വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ഈ ചിത്രം 1989ലാണ് തിയേറ്ററുകളിലെത്തിയത്. ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വടക്കൻ വീരകഥകളിലെല്ലാം ചതിയുടെ ആൾരൂപമായി കണ്ടിരുന്ന ചന്തുവിന്റെ വ്യത്യസ്തമായൊരു ഷേഡ് ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഡയലോ​ഗ് പ്രസന്റേഷനെല്ലാം പ്രത്യേക ഭം​ഗിയായിരുന്നു. എന്നാൽ എംടി വാസുദേവൻ നായർ സ്വന്തം ശബ്‌ദത്തിൽ റെക്കോർഡ് ചെയ്‌ത ഡയലോ​ഗുകൾ കേട്ടു പഠിച്ചാണ് മമ്മൂട്ടി ‘ഒരു വടക്കൻവീര​ഗാഥ’ എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന്റെ പൂജവേളിയിൽ ആശംസ അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മറിമായം ടീം മുഴുവൻ ഒന്നിക്കുന്ന ചിത്രം വലിയ വിജയമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മറിമായം ടീം സിനിമയിൽ സജീവമാകുന്നതിലുള്ള സന്തോഷം അദ്ദേഹം അറിയിച്ചു. മറിമായത്തിലെ മികച്ച പ്രകടനം കണ്ട് അതിലെ താരങ്ങളെ അങ്ങോട്ട് കയറി പരിചയപ്പെടുകയായിരുന്നു. മണികണ്ഠനെയും വിനോദ് കോവൂറനെയുമൊക്കെ ഫോണിലൂടെയാണ് പരിചയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സന്ദേശം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാത്തതിന്റെ പ്രധാന കാരണം മറിമായമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ’32 വർഷമായി സന്ദേശം എന്ന ചിത്രം ഇറങ്ങിയിട്ട്. പലരും ചോദിച്ചിട്ടുണ്ട് ആ സിനിമയ്‌ക്ക് എന്തുകൊണ്ട് ഒരു രണ്ടാം ഭാ​ഗമില്ലെന്ന്. സാമകാലിക പ്രസക്തമായ വിഷയങ്ങൾ വിശകലനം ചെയ്ത് ഒരു സിനിമ ചെയ്യണമെന്ന് ശ്രീനിവാസനുമായി ആലോചിക്കുമ്പോഴേക്കും മറിമായം ടീം അത് ചെയ്‌തിട്ടുണ്ടാവും’-സത്യൻ അന്തിക്കാട് പറഞ്ഞു .

‘ചിത്രത്തിന്റെ പൂജയ്‌ക്ക് ക്ഷണിച്ചപ്പോൾ ഞാൻ ഇവരോട് മമ്മൂട്ടി മോഹൻലാൽ പോലുള്ള നടന്മാരുടെ ആത്മസമർപ്പണത്തെ കുറിച്ച് പറഞ്ഞു. ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമ തുടങ്ങുന്നതിനു എത്രയോ നാൾ മുൻപ് തന്നെ മമ്മൂട്ടി ചിത്രത്തിന് വേണ്ടിയുള്ള നിശബ്ദ പഠനം ആരംഭിച്ചിരുന്നു. ഒരിക്കൽ രാത്രി എറണാകുളത്തു നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ അദ്ദേഹം പറഞ്ഞു. ‘ഞാൻ എംടിയുടെ ഒരു പുതിയ സിനിമയിൽ അഭിനയിക്കാൻ പോവുകയാണ്. അത് കുറച്ചു ബുദ്ധിമുട്ടുള്ളതാണ്. ചന്തു ആണ് കഥാപാത്രം.

ഞാൻ കോഴിക്കോട് പോയി പുള്ളിയെക്കൊണ്ട് എന്റെ ഭാഗം മുഴുവൻ റെക്കോർഡ് ചെയ്യിപ്പിച്ചു. എന്നിട്ട് അത് കാസറ്റിൽ ഇട്ടു. ഞാൻ യാത്ര ചെയ്യുമ്പോൾ അത് കേട്ട് പഠിക്കും.’ ഞാൻ അത് നേരിട്ടു കേട്ടിട്ടുണ്ട്’- സത്യൻ അന്തിക്കാട് വ്യക്തമാക്കി. ആ ആത്മസമർപ്പണമാണ് അവരെ വലിയ നടന്മാരാക്കുന്നത്. ആത്മസമർപ്പണത്തോടെ മുന്നോട്ടു പോയാൽ വിജയം ഉറപ്പാണെന്നും അദ്ദേഹം ആശംസിച്ചു.