Latest News

‘അപേക്ഷയാണ്.. എല്ലാവരും ഈ സിനിമ എന്തായാലും കാണണം..’ ; ‘777 ചാർളി’ ഒരുക്കിയവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ജോൺ എബ്രഹാം!

ഇറങ്ങിയ നാൾതൊട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയാണ് 777 ചാർളി. കളിയും ചിരിയും  നൊമ്പരവും തിരിച്ചറിവുകളുമെല്ലാമായി തുടക്കം മുതൽ അവസാനം വരെ ഒരു ഫീൽ ഗുഡ് അനുഭവം തരുന്ന ചിത്രമാണത്. കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 777 ചാർളി സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ കിരൺരാജാണ്. വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ് സിനിമയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഇന്ത്യയിൽ മുഴുവനും ചിത്രം ചർച്ചയാകുന്ന വേളയിൽ ബോളിവുഡ് താരം സാക്ഷാൽ ജോൺ എബ്രഹാമും ചിത്രത്തിനെ പ്രശംസിച്ച്  എത്തിയിരിക്കുകയാണ്.

വെറും ഒരു ആശംസ കുറിപ്പ് അല്ല ജോൺ എബ്രഹാം നൽകിയിരിക്കുന്നത്. ഈ ചിത്രം നിർബന്ധമായും എല്ലാവരും കാണണം എന്ന് അപേക്ഷിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ ട്രെയിലർ തന്നെ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം  ആരാധകരോടായി ഇക്കാര്യം ആവശ്യപ്പെട്ടത്. ട്രെയിലർ വീഡിയോടൊപ്പം  ചിത്രത്തിന്റെ സംവിധായകനായ കിരൺരാജിന്റെയും നായകനായ രക്ഷിത് ഷെട്ടിയുടെയും പേരുകൾകൂടി അദ്ദേഹം പോസ്റ്റിന് താഴെ മെൻഷൻ ചെയ്തിട്ടുണ്ട്. ജോൺ എബ്രഹാമിന് ചിത്രം അത്രയേറെ പ്രിയപ്പെട്ടതായിട്ടുണ്ട് എന്ന് ഈ പോസ്റ്റിലൂടെ തന്നെ വ്യക്തം. ജോൺ എബ്രഹാമിന്റെ ഈ പോസ്റ്റിനു കീഴെ നിരവധി ആരാധകരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്ന നിരവധി പേർക്ക് ചിത്രം വ്യക്തിപരമായി അത്രയേറെ ഇഷ്ടമാകും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബോംബെയുടെ പ്രതികരണം. 777 ചാർളി കണ്ട് തന്റെ വളർത്തുനായയായ സ്നൂബിയെ ഓർത്ത് മുഖ്യമന്ത്രി പൊട്ടിക്കരയുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സ്നൂബിയുടെ വിയോഗവും ഓർമകളും സങ്കടത്തോടെ പ്രസ് മീറ്റിൽ പങ്കുവെച്ച കർണാടക മുഖ്യമന്ത്രിയും സിനിമ എല്ലാവരും കാണണമെന്ന് അഭ്യർത്ഥിച്ചിരുന്നു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി ജൂൺ 10 നാണ് പാൻ ഇന്ത്യൻ ചിത്രം ‘777 ചാർളി’ റിലീസ് ചെയ്തത്. ധർമയായി രക്ഷിത് ഷെട്ടി വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നായകുട്ടിക്ക് ഒപ്പമുള്ള രംഗങ്ങൾ ഒരു യഥാർത്ഥ വളർത്തുനായയും യജമാനനും തമ്മിലുള്ള ബന്ധം പോലെ വളരെ മനോഹരമായി തന്നെ ചിത്രത്തിലുണ്ട്. ചാർളി ആയെത്തുന്നത് ലാംബ്രോഡർ ഇനത്തിൽപ്പെടുന്ന പെൺനായയാണ്. കണ്ണുകളിലെ എക്സ്പ്രെഷൻസ് കൊണ്ട് ഈ നായ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്.  മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥയായി എത്തുന്ന സംഗീത ശൃംഗരിയും മൃഗഡോക്ടറായി എത്തുന്ന രാജ് ഷെട്ടിയും, ബോബി സിംഹയും എല്ലാം അവരവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ അലസമായി ജീവിക്കുന്ന ധർമ എന്ന യുവാവിന്റെ ജീവിതത്തിലേക്ക് ചാർളി എന്ന നായകുട്ടി വരുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് പ്രമേയം.
വളർത്തുമൃഗങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ സാധിക്കുമെന്നും അവയ്ക്ക് നമ്മളോട് തിരിച്ചു ഉണ്ടാകുന്ന  ആത്മബന്ധവും വളരെ വ്യകതമായി കാണിക്കുന്ന സിനിമയാണ്  ‘777 ചാർളി’.

ഒരു മനുഷ്യന്റെ സമ്മർദ്ദഘട്ടങ്ങളിൽ അടക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താൻ വളർത്തുമൃഗങ്ങൾ സഹായിക്കുന്നു എന്ന വലിയ കാര്യവും ചിത്രം കാണിച്ചുതരുന്നു. കൂടാതെ നായകളിൽ ഉണ്ടാകുന്ന ജനിതക വൈകല്യങ്ങൾക്കും മറ്റു രോഗങ്ങൾക്കും കാരണമാകുന്ന ഇൻബ്രീഡിങ് എന്നിവയ്ക്കെതിരെ ബോധവത്കരണം നൽകുകയും വളർത്തുമൃഗങ്ങളെ ദത്തെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചിത്രം  ചെയ്യുന്നുണ്ട്. അരവിന്ദ് കശ്യപ് ഛായാഗ്രഹണവും പ്രതീക് ഷെട്ടി എഡിറ്റിങ്ങും നിർവഹിച്ച ചിത്രത്തിൽ നോബിൻ പോളാണ് സംഗീതം ഒരുക്കിയിരിക്കിയത്. വിവിധ ഭാഷകളിലെ വരികൾ മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ് തയ്യാറാക്കിയത്. ചിത്രത്തിന്റെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ് വിതരണത്തിനെത്തിച്ചത്. പി.ആർ.ഒ മഞ്ജു ഗോപിനാഥ്‌, മാർക്കറ്റിംഗ്‌: ഹെയിൻസ്‌ എന്നിവരാണ്.