മമ്മൂട്ടിയുടെ ഗാനഗന്ധർവന് ശേഷം പുതിയ സിനിമയുമായി രമേഷ് പിഷാരടി; നായകൻ സൗബിൻ ഷാഹിർ
അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് വരികയാണ് നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടി. 2018ലായിരുന്നു പിഷാരടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ജയറാം ആയിരുന്നു ആദ്യ ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ അടുത്ത സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് പിഷാരടി.
സോഷ്യൽ മീഡിയ വഴിയാണ് രമേശ് പിഷാരടി ഇക്കാര്യം അറിയിച്ചത്. സൗബിൻ ഷാഹിർ ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. സന്തോഷ് ഏച്ചിക്കാനം രചന നിർവഹിക്കുന്ന ചിത്രം നിർമിക്കുന്നത് ബാദുഷയുടെ നേതൃതൃത്വത്തിലുള്ള ബാദുഷ സിനിമാസ് ആണ്. സിനിമാ വിശേഷം പങ്കുവച്ചു കൊണ്ട് സൗബിനൊപ്പവും മറ്റ് അണിയറ പ്രവർത്തകർക്ക് ഒപ്പമുള്ളതുമായ ഫോട്ടോകൾ നടൻ പങ്കുവച്ചിട്ടുണ്ട്.
ജയറാം ഏറെ വ്യത്യസ്തമായ കഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു പഞ്ചവർണ്ണത്തത്ത. ഇതായിരുന്നു രമേശ് പിഷാരടിയുടെ ആദ്യ ചിത്രം. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തി. ശേഷം 2019ൽ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവ്വൻ എന്ന സിനിമയും സംവിധാനം ചെയ്തു. ചിത്രത്തിന്റെയും രചനയും സംവിധാനവും പിഷാരടി ആയിരുന്നു.
വികെ പ്രകാശ് സംവിധാനം ചെയ്ത് 2008ൽ റിലീസ് ചെയ്ത പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സിനിമയിൽ എത്തുന്നത്. ശേഷം നസ്രാണി, കപ്പൽ മുതലാളി, മഹാരാജ ടാക്കീസ്, മാന്ത്രികൻ, പെരുച്ചാഴി, ഇമ്മാനുവൽ, സെല്ലുലോയിഡ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇമ്മാനുവൽ തുടങ്ങി ഒട്ടനവധി സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ പിഷാരടി എത്തി.