”മോഹൻലാലിന്റെ അവാർഡ് ഷാരൂഖ് ഖാന് നൽകാൻ തീരുമാനിച്ചു”; ദേശീയ അവാർഡ് ജൂറിയെക്കുറിച്ച് വെളിപ്പെടുത്തി സിബി മലയിൽ
1 min read

”മോഹൻലാലിന്റെ അവാർഡ് ഷാരൂഖ് ഖാന് നൽകാൻ തീരുമാനിച്ചു”; ദേശീയ അവാർഡ് ജൂറിയെക്കുറിച്ച് വെളിപ്പെടുത്തി സിബി മലയിൽ

ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനിടയിലുണ്ടായ ചില സംഭവങ്ങൾ തുറന്ന് പറയുകയാണ് സംവിധായകൻ സിബി മലയിൽ. പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണു ലഭിച്ചതെന്നും സിബി മലയിൽ പറഞ്ഞു. മോഹൻലാലിനു പകരം ഷാറുഖ് ഖാന് പുരസ്കാരം നൽകാമെന്നു വരെ തീരുമാനം ഉണ്ടായിരുന്നുവെന്ന് സിബി മലയിൽ പറഞ്ഞു. ‘‘അന്ന് മോഹൻലാലിന് പകരം ഷാറുഖ് ഖാന് മികച്ച നടന് അവാർഡ് കൊടുത്തൂടേയെന്നും അപ്പോൾ അവാർഡ് ദാന പരിപാടി കൊഴുക്കുമെന്നും ചെയർമാൻ പറഞ്ഞിരുന്നു.’’

‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനമാലപിച്ച സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയ, മാറ്റിനിർത്തപ്പെട്ട മലയാള ചലച്ചിത്ര പ്രവർത്തകരിൽ ഒരാളാണു പി.ടി.കുഞ്ഞുമുഹമ്മദെന്നും സിനിമയിലും രാഷ്ട്രീയത്തിലും നിലപാടുകൾ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും സിബി മലയിൽ അഭിപ്രായപ്പെട്ടു.