‘അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍ ഞാന്‍ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ‘; പൃഥ്വിരാജ്
1 min read

‘അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍ ഞാന്‍ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ‘; പൃഥ്വിരാജ്

ലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിരാജിനോടുള്ളത്. 2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ബോക്സ്ഓഫീസില്‍ നിന്നും റോക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാംഭാഗം എമ്പുരാന്‍ ഉടന്‍ ഉണ്ടാവുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു. ആരാധകര്‍ ഏതാനും വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിത്രം ഉടന്‍ തന്നെ ഉണ്ടാകുമെന്നുള്ള സൂചനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നത്.

കഴിഞ്ഞ ദിവസം ജന ഗണ മനയുടെ സക്സസ് മീറ്റ് കൊച്ചിയില്‍ നടന്നിരുന്നു. കുഞ്ചാക്കോ ബോബനും, ടൊവിനോ തോമസും പൃഥിക്കൊപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ചടങ്ങില്‍ നിന്നും വേഗത്തില്‍ മടങ്ങുകയാണെന്നും മോഹന്‍ലാലിനെ കാണാന്‍ പോകണമെന്നും പറയുന്ന ഒരു വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഞാന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ലാലേട്ടനെ കാണാന്‍ പോകേണ്ടത് കൊണ്ട് എനിക്ക് ഈ ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങണം, ലാലേട്ടന്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഇന്ത്യക്ക് പുറത്ത് പോയാല്‍ പിന്നെ പത്ത് അറുപത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ വരുകയുള്ളൂ. അതിന് മുമ്പ് എനിക്ക് ലാലേട്ടനെ കാണണമെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന റാം എന്ന ചിത്രത്തിന്റെ ഷൂട്ടിംങിനായി മോഹന്‍ലാല്‍ അടുത്ത ദിവസം യുകെയിലേക്ക് പോകും. ഇക്കാര്യമാണ് പൃഥ്വി സൂചിപ്പിച്ചത്. എന്തായാലും ആരാധകര്‍ ഏറെ ആവേശത്തോടെയാണ് എമ്പുരാന്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. എമ്പുരാന്‍ അടുത്ത വര്‍ഷം ഉണ്ടാവുമെന്ന് മുന്നേ പൃഥ്വി സൂചിപ്പിച്ചിരുന്നു. മോഹന്‍ലാലിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞതോടെ ആരാധകരെല്ലാം എമ്പുരാന്‍ ആണെന്ന് ഉറപ്പിലാണിരിക്കുന്നത്. എന്നാല്‍ എമ്പുരാന്‍ അല്ലാതെ മറ്റേതെങ്കിലും സിനിമയെടുക്കാനുള്ള പ്ലാനിലാണോ ഈ പോക്കെന്നും പലരും സംശയം പ്രകടിപ്പിക്കുന്നു. എന്തായാലും ഉടനെ തന്നെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പൃഥ്വി പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും തന്നെ.

അതേസമയം തീര്‍പ്പാണ് പൃഥ്വിയുടെ പുറത്തിറങ്ങനിരിക്കുന്ന പുതിയ ചിത്രം. ഓഗസ്റ്റ് 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടാതെ നയന്‍താര നായികയായും പൃഥ്വി നായകനായും എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡും ഓണം റിലീസായി പുറത്തിറങ്ങും. കടുവക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിലാണ് നിലവില്‍ പൃഥി അഭിനയിക്കുന്നത്.