കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ബന്ധമുണ്ടോ? വെളിപ്പെടുത്തലുമായി പ്രശാന്ത് നീല്‍ 
1 min read

കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ബന്ധമുണ്ടോ? വെളിപ്പെടുത്തലുമായി പ്രശാന്ത് നീല്‍ 

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് സലാര്‍. പ്രഭാസ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍ പാര്‍ട്ട് വണ്‍ സീസ്ഫയര്‍. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് ആളുകളില്‍ ഇത്ര ആകാംഷയ്ക്കുള്ള കാരണവും. ഒപ്പം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും കൂടി എത്തുന്നതോടെ മലയാളികളും ഏറെ ആവേശത്തിലാണ്. ചിത്രം ഡിസംബറില്‍ തിയറ്ററില്‍ എത്താന്‍ ഒരുങ്ങുന്നതിനിടെ സിനിമയെ കുറിച്ച് പ്രശാന്ത് നീല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍ പറയുന്നതെന്ന് പ്രശാന്ത് നീല്‍ പറയുന്നു. ഇരുവരും തമ്മില്‍ പിന്നീട് ശത്രുക്കള്‍ ആകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ആയിരുന്നു പ്രശാന്ത് നീലിന്റെ വെളിപ്പെടുത്തല്‍. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. ഇവര്‍ ശത്രുക്കളായി മാറുന്നുണ്ട്. ചിത്രത്തിന്റെ കാതല്‍ എന്നത് സൗഹൃദമാണ്. ആദ്യഭാഗമായ ‘സലാര്‍: പാര്‍ട്ട് വണ്‍: സീസ് ഫയറി’ല്‍ പകുതി കഥയാണ് പറയുന്നത്. രണ്ട് ചിത്രങ്ങളിലൂടെ ഈ സുഹൃത്തുക്കളുടെ യാത്രയാണ് പറയുന്നത്. ഡിസംബര്‍ 1ന് വരുന്ന ട്രെയിലറില്‍ സലാറിനായി ഞങ്ങള്‍ ഒരുക്കിയ ലോകത്തിന്റെ ഒരു ചെറുഭാഗം കാണാനാകും. കെജിഎഫ് ഫ്രാഞ്ചൈസിയുമായി സലാറിന് ഒരു ബന്ധവുമില്ല’, എന്നാണ് പ്രശാന്ത് നീല്‍ പറഞ്ഞത്. സലാറിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് എപ്പോള്‍ തുടങ്ങുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും അധികം വയലന്‍സുള്ള കഥാപാത്രമാണ് സലാറിലേതെന്ന് പ്രഭാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘വര്‍ദ്ധരാജ മാന്നാര്‍’ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലുള്ള പൃഥ്വിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. നിര്‍മ്മാതാക്കളായ ഹൊംബാള ഫിലിംസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഹൊംബാള ഫിലിംസിന്റെ കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങളും കേരളത്തില്‍ വിതരണത്തിന് എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.

 

ശ്രുതി ഹാസന്‍, ഈശ്വരി റാവു, ഗരുഡ റാം, ടിനു ആനന്ദ്, ജഗപതി ബാബു, ശ്രേയ റെഡ്ഡി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. കെജിഎഫ് 2, കാന്താര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.

ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്രൂര്‍,ഡിജിറ്റല്‍ പിആര്‍ഒ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.