മോദിയെ കൈ കൂപ്പി വണങ്ങി മോഹൻലാൽ, പക്ഷെ മമ്മൂട്ടി ചെയ്തത് മറ്റൊന്ന്.. ; സോഷ്യൽ മീഡിയയിൽ ചർച്ച
നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമായിരുന്നു ഇന്ന്. ശ്രേയസ് മേനോനാണ് വരൻ. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഒരു താരപുത്രിയുടെ വിവാഹം എന്നതിലുപരി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുന്ന കേരളത്തിലെ ആദ്യവിവാഹം എന്ന പ്രത്യേകതയുമുണ്ട് ഈ വിവാഹത്തിന്. ഇത് പൊതുജനങ്ങൾക്കുൾപ്പെടെ അക്ഷരാർത്ഥത്തിൽ കൗതുകകരമായ വാർത്തയായിരുന്നു. നരേന്ദ്ര മോദിയാണ് വധൂവരൻമാർക്ക് മാല എടുത്തുനൽകിയത്.
നരേന്ദ്രമോദി പങ്കെടുക്കുന്നത് കൊണ്ട് തന്നെ സാധാരണ ജനങ്ങൾക്ക് ഗുരുവായൂർ പ്രദേശത്തേക്ക് തന്നെ ഇന്നലെ മുതൽ പ്രവേശനമില്ലായിരുന്നു. അതേസമയം മലയാള സിനിമയിലെ ഒട്ടുമിക്ക പ്രധാന നടീനടൻമാരും ഗുരുവായൂർ അമ്പലനടയിലെത്തിയിരുന്നു.
മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമെത്തി ഇന്നലെ വധുവിനെ അനുഗ്രഹിച്ചിരുന്നു. ഇന്ന് ഗുരുവായൂരിലെത്തി വിവാഹത്തിലും പങ്കെടുത്തിരുന്നു. ജയറാം, പാർവതി, ദിലീപ്, ഖുശ്ബു, ബിജു മേനോൻ, രചന നാരായണൻകുട്ടി, നിർമാതാവ് സുരേഷ് കുമാർ, സംവിധായകൻ ഹരിഹരൻ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്.
പക്ഷേ സിനിമാലോകം ചർച്ചചെയ്യുന്നത് മോദിയെ കാണുന്ന വേളയിലെ മമ്മൂട്ടിയുടെ പെരുമാറ്റമാണ്. അവിടെയെത്തിയ എല്ലാ നടീനടൻമാരും ഇരുകൈകളും കൂപ്പി വളരെ വിനീത വിധേയരായിട്ടായിരുന്നു പ്രധാനമന്ത്രിയെ വരവേറ്റത്. എന്നാൽ നടൻ മമ്മൂട്ടി തന്റെ ഇരുകൈകളും കെട്ടി സൈഡിലേക്ക് ചെരിഞ്ഞ് വെറുതെ മോദിയെ നോക്കി ചിരിക്കുകയാണ് ചെയ്തത്. ഇതിനെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയെങ്കിലും മമ്മൂട്ടിയെ അനുകൂലിക്കുന്നവരാണ് കൂടുതലും.
അതേസമയം വിവാഹത്തിന്റെ ഭാഗമായി ഈ മാസം 19ന് സിനിമാതാരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിവാഹസൽക്കാരം നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20ന് തിരുവനന്തപുരത്ത് റിസപ്ഷൻ നടക്കും. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹൻറെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ.
ഇതിനിടെ നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി അദ്ദേഹത്തിന് സമ്മാനിച്ചത് സ്വർണ തളികയാണ്. സ്വർണ കരവിരുതിൽ വിദഗ്ധനായ അനു അനന്തൻ ആണ് സ്വർണ തളിക നിർമ്മിച്ചത്. എസ് പി ജി ഉദ്യോഗസ്ഥർ തളിക പരിശോധിച്ചിരുന്നു. വിവാഹത്തിനു പിന്നാലെ പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിലും ദർശനം നടത്തി. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാർഡിൽ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങും.