നൻപകൽ നേരത്ത് മയക്കം, വാരിസ്; ഈ ആഴ്ച ഒടിടിയില്‍ റിലീസ് ചെയ്യുന്നത് അഞ്ചിലേറെ ചിത്രങ്ങള്‍
1 min read

നൻപകൽ നേരത്ത് മയക്കം, വാരിസ്; ഈ ആഴ്ച ഒടിടിയില്‍ റിലീസ് ചെയ്യുന്നത് അഞ്ചിലേറെ ചിത്രങ്ങള്‍

ഈ ആഴ്ച മാത്രം അഞ്ച് ചിത്രങ്ങളാണ് ഒടിടിയിലൂടെ ആരാധകർക്ക് മുന്നിലേക്ക് റിലീസിന് എത്തുന്നത്.  നൻപകൽ നേരത്ത് മയക്കം, വാരിസ്, തങ്കം,  വീര സിംഹ റെ‍‍ഡ്ഡി തുടങ്ങിങ്ങിയവയാണ്  പ്രധാന ഒടിടി ചിത്രങ്ങൾ . നിവിൻ പോളിയുടെ മഹാവീര്യർ, ഷാഹിദ് കപൂർ–വിജയ് സേതുപതി വെബ് സീരിസ് ആയ ഫർസി, നടി ഹൻസികയുടെ തന്നെ വിവാഹ വിഡിയോ, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്നിവയായിരുന്നു കഴിഞ്ഞ വാരം ഒടിടിയിൽ എത്തിയ ചിത്രങ്ങൾ. 

മമ്മൂട്ടി നായകനായ ‘നൻപകല്‍ നേരത്ത് മയക്കം’

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോ ജോസും മമ്മൂട്ടിയും ഒന്നിച്ച ചിത്രം ഫെബ്രുവരി 23 മുതൽ ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുകയാണ് . നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. ഈ വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ചിത്രത്തിന് വലിയ രീതിയില്‍ സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ  വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തിയേറ്ററിൽ വിതരണം ചെയ്‍തത്.

ബിജു മേനോൻ- വിനീത് ശ്രീനിവാസൻ ചിത്രം ‘തങ്കം’

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ നവാഹത സംവിധായകനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. തിയറ്ററുകളിൽ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷം ഫെബ്രുവരി 20 ന് ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിക്കുകയാണ് . ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിംഗ്.  വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ്  സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബാലയ്യ നായകനായ ‘വീര സിംഹ റെഡ്ഡി’ 

നന്ദമുറി ബാലകൃഷ്ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വീര സിംഹ റെഡ്ഡി ഫെബ്രുവരി 23 ന് ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിംഗ്. വൈകിട്ട് 6 മണിക്കാണ് ചിത്രം പ്രദര്‍ശനം തുടങ്ങുക. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം കാണാനാവും. ബാലയ്യയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് വീര സിംഹ റെഡ്ഡി.

വിജയിയുടെ ‘വാരിസ്’

വിജയ് നായകനായി ഒടുവില്‍ തിയേറ്ററിൽ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ഈ ചിത്രം ഫെബ്രുവരി 22ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീമിംഗ് തുടങ്ങും.   അച്ഛന്റെ കോടിക്കണക്കിനുള്ള ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിച്ചിരിക്കുന്നത്.

സ്വാസിക നായികയായ ‘ചതുരം’ 

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ചതുരം. റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് ചതുരം. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുകയാണ്. എന്നാൽ തിയതി പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ ചിത്രം ഓൺലൈനിൽ എത്തുമെന്നാണ് വിവരം.