
50 കോടി ക്ലബ്ബിൽ ‘നേര്’ ; സ്നേഹക്കൂടിലെ അന്തേവാസികളോടൊപ്പം വിജയം ആഘോഷിച്ച് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പിന്തുണയോടെ 50 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇപ്പോഴിതാ നേരിന്റെ വൻ വിജയം ആഘോഷിച്ചിരിക്കുകയാണ് കോട്ടയം മോഹൻലാൽ ഫാൻസ് ക്ലബ്ബ്. കോട്ടയം സെൻട്രൽ സിനിമാസിൽ നടന്ന ചടങ്ങിൽ സിനിമയുടെ അണിയറപ്രവർത്തകരും സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളും ഭാഗമായി.
കേക്കു മുറിച്ചും മധുരം പങ്കുവച്ചുമാണ് സിനിമയുടെ വിജയം ആഘോഷിച്ചത്. ചിത്രത്തിൽ വില്ലനായി വേഷമിട്ട ശങ്കർ ഇന്ദുചൂഡൻ, എഡിറ്റർ വിനായക് എന്നിവർ വിശിഷ്ടാതിഥികളായെത്തുകയുണ്ടായി. കോട്ടയത്ത് പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ നൂറോളം അന്തേവാസികൾ നേര് കാണാൻ തിയറ്ററിലെത്തുകയുണ്ടായി. അഭയമന്ദിരത്തിന്റെ രജതജൂബിലിയും നേരിന്റെ വിജയത്തോടൊപ്പം ആഘോഷിക്കുകയുണ്ടായി.
ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് തിയറ്ററുകളിലെത്തിയ നേര് അൻപത് കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ മോഹൻലാൽ ചിത്രമായി മാറിയിരിക്കുകയാണ്. പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം, ഒടിയൻ എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ സിനിമകള്‍. റിലീസ് സമയത്ത് 200 സ്ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ വേറിട്ട പ്രകടനവും അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും സിദ്ധിഖിന്റെ അസാധ്യ അഭിനയവുമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകരേവരും പറയുന്നത്.