‘ലാഗില്ലാതെ സിനിമ ചെയ്യാൻ എനിക്കറിയില്ല, എന്‍റെ മേക്കിങ് സ്റ്റൈൽ അതാണ്’: ജീത്തു ജോസഫ്
1 min read

‘ലാഗില്ലാതെ സിനിമ ചെയ്യാൻ എനിക്കറിയില്ല, എന്‍റെ മേക്കിങ് സ്റ്റൈൽ അതാണ്’: ജീത്തു ജോസഫ്

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ ‘നേര്’ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ വൻ വിജയത്തിന് ശേഷം ജീത്തു ജോസഫ് ഇപ്പോഴത്തെ മാറിയ പ്രേക്ഷക സമൂഹത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരിക്കുകയാണ്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ഇത് പറഞ്ഞിരിക്കുന്നത്.

”ഇപ്പോള്‍ സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് പ്രേക്ഷകർക്ക് നല്ല അറിവുണ്ട്. ലോക സിനിമകളടക്കം കണ്ട് ഏവരുടേയും ആസ്വാദനരീതി തന്നെ മാറി. അതിനാൽ തന്നെ നമ്മുടെ മേക്കിങ് സ്റ്റൈൽ നവീകരിക്കേണ്ടതുണ്ട്. അപ്പോഴും തിരക്കഥയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചെയ്യാതെ മേക്കിങ്ങിൽ മാത്രം ശ്രദ്ധിച്ചാൽ പടം രക്ഷപ്പെടുമെന്നും എനിക്ക് അഭിപ്രായമില്ല. ഇപ്പോൾ സിനിമയുടെ വേഗത മാറിയിട്ടുണ്ട്. അതിനാൽ തന്നെ ചെറിയൊരു കാര്യം വരുമ്പോൾ തന്നെ പ്രേക്ഷകർ ‘ലാഗ്’ എന്നു പറയുന്ന അവസ്ഥയുണ്ട്. പക്ഷേ, ഞാനിപ്പോഴും ചെറിയൊരു ലാഗ് ഇട്ടു തന്നെയാണ് സിനിമ ചെയ്യാറുള്ളത്. ലാഗിന് ഒരു ലക്ഷ്യം ഉണ്ടാകും. ഞാൻ ചിന്തിക്കുന്ന രീതിയിൽ സിനിമ ചെയ്യുമ്പോൾ അതിൽ ലാഗ് വരാറുണ്ട്. അതാണ് എന്‍റെ മേക്കിങ് സ്റ്റൈൽ”, ജീത്തു പറഞ്ഞിരിക്കുകയാണ്.

”ഫിലിം മേക്കർ എന്ന നിലയിൽ പ്രേക്ഷകരോടുള്ള കടപ്പാട് വലുതാണ്. ജീത്തു ജോസഫ് എന്ന സംവിധായകൻ ഇന്ന് ഏതെങ്കിലും നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം പ്രേക്ഷകരാണ്. അവരാണ് എന്നെ ഈ നിലയിലെത്തിച്ചത്. അവരാണ് കിങ് മേക്കേഴ്സ്. ചിലപ്പോള്‍ ചില കണക്കുക്കൂട്ടലുകൾ തെറ്റിപ്പോകാം. അതിൽ പക്ഷേ പ്രേക്ഷകർക്കു കുഴപ്പമില്ല. പക്ഷേ, അവരെ കളിയാക്കരുത്. അവരെ പറ്റിക്കാനും നോക്കരുത്. ഒരു ശ്രമം നടത്തി, അതു വിജയിച്ചില്ലെങ്കിൽ കുഴപ്പമില്ല. പക്ഷേ, പ്രേക്ഷകരെ ബോധപൂർവം പറ്റിക്കുന്നു എന്നു തോന്നിയാൽ അവർ നിഷ്കരുണം നമ്മെ തള്ളിക്കളയും”, ജീത്തുവിന്‍റെ വാക്കുകള്‍.