
ലാലേട്ടന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകൾ
വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള പ്രേക്ഷക മനസ്സുകളെ കീഴടക്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറം പോലെയാണ് ഇവർ. പരസ്പരം ചേർത്തുവെച്ചു മാത്രം പറയാവുന്ന രണ്ട് അഭിനയ വിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിക്കുന്നത് മലയാള സിനിമയ്ക്ക് എപ്പോഴും ഒരു ആഘോഷമാണ്. ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ താര രാജാക്കന്മാരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളും ആയിരുന്നു. പടയോട്ടം, നാണയം, ചങ്ങാത്തം, അതിരാത്രം, അടിമകൾ ഉടമകൾ, വാർത്ത, നമ്പർ 20 മദ്രാസ് മെയിൽ, ഹരികൃഷ്ണൻസ്, നരസിംഹം, ട്വന്റി 20 തുടങ്ങിയ ചിത്രങ്ങളിലാണ് ഇവർ ഒരുമിച്ച് അഭിനയിച്ചത്.
സിനിമാരംഗത്ത് മാത്രമല്ല വ്യക്തിപരമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കൾ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി അഭിനയിച്ച സിനിമകളിൽ മോഹൻലാലിന് ഇഷ്ടപ്പെട്ട അഞ്ചു ചിത്രങ്ങളെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത്. ന്യൂഡൽഹി, ഒരു വടക്കൻ വീരഗാഥ, മൃഗയ, ഹരികൃഷ്ണൻസ്, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് എന്നീ 5 സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രങ്ങളാണ് ഇദ്ദേഹത്തിന് കൂടുതൽ പ്രിയപ്പെട്ടത്. മാതൃഭൂമിയുടെ മമ്മൂട്ടി സ്പെഷ്യൽ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയിലാണ് മോഹൻലാലിന് മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട 5 സിനിമകളെക്കുറിച്ച് പറയുന്നത്. ഇതിൽ ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരും ഒന്നിച്ച് അഭിനയിച്ച മൾട്ടി സ്റ്റാർ ചിത്രമായിരുന്നു. മറ്റ് നാല് സിനിമകളും മമ്മൂട്ടിയുടെ കരിയറിലെ പൊൻതൂവലായ ചിത്രങ്ങളായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്തെ മയക്കം’, നിസാം ബഷീറിന്റെ ‘റോഷാക്ക്’ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകൾ. പൂയംകുട്ടിയിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ബി. ഉണ്ണികൃഷ്ണന്റെ സിനിമയിലാണ് നിലവിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ‘ക്രിസ്റ്റഫർ’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ അണിയറ പ്രവർത്തകർ പങ്കുവെച്ച ലൊക്കേഷൻ വീഡിയോകളും മറ്റ് സിനിമയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും സോഷ്യൽ മീഡിയകളിൽ തരംഗമായിരുന്നു. മമ്മൂട്ടിയുടെതായി തീയറ്ററുകളിൽ എത്തിയ അവസാന ചിത്രമായിരുന്നു സി. ബി. ഐ. 5 ദി ബ്രെയിൻ. സി. ബി. ഐ ചിത്രത്തിന്റെ അഞ്ചാം പതിപ്പാണിത്.