”ഈ വെല്ലുവിളി ഏറ്റെടുക്കുമോ?, ഞാനിതിനെ വാലിബൻ ചലഞ്ചെന്ന് വിളിക്കും”; പ്രേക്ഷകരെ വെല്ലുവിളിച്ച് മോഹൻലാൽ
1 min read

”ഈ വെല്ലുവിളി ഏറ്റെടുക്കുമോ?, ഞാനിതിനെ വാലിബൻ ചലഞ്ചെന്ന് വിളിക്കും”; പ്രേക്ഷകരെ വെല്ലുവിളിച്ച് മോഹൻലാൽ

രാധകർ മലൈക്കോട്ടെ വാലിബന്റെ റിലീസിന് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇതിനിടെ ടീസർ കൂടി പുറത്ത് വന്നതോട് കൂടി ഏവരും അക്ഷമരായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ റിലീസിനോടടുക്കുമ്പോൾ വാലിബൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. നിങ്ങൾ സ്വീകരിക്കുമോ, എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്ന രംഗമാണ് വീഡിയോയിൽ. ടീസറിൽ ഉണ്ടായിരുന്ന ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… എന്ന് തുടങ്ങുന്ന മോഹൻലാലിന്റെ തീ പാറുന്ന ഡയലോഗ് ഇന്ന് പുറത്ത് വിട്ട പ്രസ്തുത വീഡിയോയിലും ബാക്​ഗ്രൗണ്ട് ആയി വരുന്നുണ്ട്. തങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്ന് പറഞ്ഞും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും പറഞ്ഞ് ഒരുപാട് പേർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘മലൈക്കോട്ടൈ വാലിബ’ന്. പ്രേക്ഷകർ എന്തെങ്കിലും എൽജെപി മാജിക് കൂടി ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. പീരിയഡ് ഡ്രാമയായ ‘മലൈക്കോട്ടൈ വാലിബൻ’ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്‌സ് ലാബ്, സരിഗമ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

2024 ജനുവരി 25-നാണ് ‘മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രശസ്തരായ താരങ്ങളും വാലിബനുവേണ്ടി അണിനിരക്കും.