മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കുള്ള പുത്തൻ എൻട്രിയാകുമോ ‘അന്വേഷിപ്പിൻ കണ്ടെത്തും’! ടീസറിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകള്‍
1 min read

മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കുള്ള പുത്തൻ എൻട്രിയാകുമോ ‘അന്വേഷിപ്പിൻ കണ്ടെത്തും’! ടീസറിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകള്‍

ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരിന് 9ന് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കും വിധത്തിലുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് കുറ്റാന്വേഷണ സിനിമകള്‍ സ്വന്തമായുള്ള മലയാള സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള പുത്തൻ എൻട്രിയായിരിക്കും ഈ ടൊവിനോ ചിത്രമെന്നാണ് പ്രേക്ഷകരേവരുടേയും കണക്കുകൂട്ടൽ.

“ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും” എന്ന ബൈബിള്‍ വാചകത്തിൽ നിന്ന് കടമെടുത്ത സിനിമയുടെ ടൈറ്റിൽ തന്നെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചന നൽകുന്നുണ്ട്. സിനിമയുടേതായിറങ്ങിയ പോസ്റ്ററുകളും ആ രീതിയിലുള്ളതായിരുന്നു. ഇപ്പോഴിതാ ടീസറിലും ഒരു കൊലപാതകവും അതിന് പിന്നാലെ നടക്കുന്ന പോലീസ് അന്വേഷണവും മറ്റുമൊക്കെയാണ് കാണിച്ചിരിക്കുന്നത്.

ആളൊഴിഞ്ഞ പറമ്പിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം, കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ കാര്യാലയം, ഒരു സുവിശേഷപ്പെട്ടി, എഫ്.ഐ.ആർ റിപ്പോർട്ട്, ചിന്താമഗ്നനായി നിൽക്കുന്ന എസ്ഐ ആനന്ദ് നാരായണൻ, ചെറുവള്ളി പോലീസ് സ്റ്റേഷൻ, സംഘർഷങ്ങള്‍, പ്രതിയുമായി പോകുന്ന പോലീസ് ജീപ്പ്, കോടതിയിലെ സംഘർഷങ്ങള്‍, ഊർജ്ജിതമായ പോലീസ് അന്വേഷണം ഇവയൊക്കെയാണ് ടീസറിൽ കാണിച്ചിരിക്കുന്ന ചില ചിതറിയ ദൃശ്യങ്ങള്‍.

അതിദുരൂഹമായതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ കഥാഗതിയാകും സിനിമയുടേതെന്നാണ് ഈ ദൃശ്യങ്ങള്‍ തരുന്ന സൂചനകള്‍. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുണ്ടായിരുന്നത്. വിവാദമായൊരു കൊലപാതക കേസിന് പിന്നാലെ എസ് ഐ ആനന്ദ് നാരായണന്‍റെ നാലുപേരടങ്ങുന്ന ടീം നടത്തുന്ന ഊർജ്ജിതമായ അന്വേഷണമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസറിൽ നിന്ന് മനസ്സിലാക്കാനാകുന്നത്.

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവ്വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെന്‍റ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പോലീസ് സ്റ്റോറിയാണ് ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു. മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയൽ പോലീസുകാരന്‍റെ ലുക്കിലാണ് ചിത്രത്തിൽ ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദിനെ കാണിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷക ശ്രദ്ധനേടിയിരുന്ന സിനിമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ‘കൽക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ആദ്യമായി അഭിനയിക്കുന്നുമുണ്ട്.

ടൊവിനോയെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.