അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍
1 min read

അട്ടപ്പാടിയിലെ 20 ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല ഏറ്റെടുത്ത് മോഹന്‍ലാല്‍

ലയാളികളുടെ പ്രിയ നടന്‍, മലയാളത്തിന്റെ നടന വിസ്മയം, താരരാജാവ് വിശേഷണങ്ങള്‍ ഒരുപാടുള്ള താരമാണ് മോഹന്‍ലാല്‍. പലപ്പോഴും ഭാഷയുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് മോഹന്‍ലാല്‍ എന്ന നടന്‍ അവതരിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ മനസില്‍ മായാതെ കാത്തുസൂക്ഷിക്കുന്നുണ്ട്. അച്ഛനായും, ഏട്ടനായും, കാമുകനായും, മകനായും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടന്‍. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന നടനെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രഖ്യാപനവുമായാണ് മോഹന്‍ലാല്‍ ആരാധകരുടെ മുന്നില്‍ എത്തിയിരിക്കുന്നത്.

അട്ടപ്പാടിയിലെ ഇരുപതു ആദിവാസി വിദ്യാര്‍ത്ഥികളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസ ചുമതല മോഹന്‍ലാല്‍ ഏറ്റെടുക്കുന്നുവെന്നാണ് പുതിയ പ്രഖ്യാപനം. വിശ്വശാന്തി ഫൗണ്ടേഷന്റെ പുതിയ സംരംഭമായ ‘വിന്റേജ്’ പദ്ധതിയുടെ ഭാഗമായാണ് ഈ സഹായ പ്രഖ്യാപനം.

അട്ടപ്പാടി മേഖലയിലെ അര്‍ഹരായ ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഇരുപതു ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ചുമതലയാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്.

ഓരോ വര്‍ഷവും പ്രത്യേക ക്യാമ്പ് നടത്തി ആറാം ക്ലാസില്‍ പഠിക്കുന്ന അര്‍ഹരായ ഇരുപത് കുട്ടികളെ കണ്ടെത്തി അഭിരുചിക്ക് അനുസരിച്ച് വിദ്യാഭ്യാസവും മാര്‍ഗ ദര്‍ശനവും, മറ്റ് എല്ലാ സഹായങ്ങളും നല്‍കി അവരെ ഉയര്‍ത്തി കൊണ്ടു വരിക എന്ന ധാര്‍മിക ഉത്തരവാദിത്തമാണ് വിന്റേജ് ഏറ്റെടുക്കുന്നതെന്ന് മോഹന്‍ലാല്‍ അറിയിച്ചു.

ഇനിയുള്ള പതിനഞ്ചു വര്‍ഷത്തേക്കുള്ള ഈ ഉദ്യമത്തില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനോട് സഹകരിക്കാന്‍ ഇ വൈ ഗ്ലോബല്‍ ഡെലിവറി സര്‍വീസ് കരിയേഴ്സ് എന്ന സ്ഥാപനവും ഉണ്ടാകും. കോവിഡ് സമയത്തു ഈ സംഘടനയിലൂടെ കേരളത്തിന് പുറത്തു തമിഴ്നാട്, മഹാരാഷ്ട്ര, പുണെ എന്നിവിടങ്ങളിലും മോഹന്‍ലാല്‍ സഹായം എത്തിച്ചിരുന്നു.