‘അജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു’ ; ബോണി കപൂര്‍ പ്രൊഡക്ഷനില്‍ എച്ച് വിനോദ് മാസ്സ് സിനിമ വരുന്നു
1 min read

‘അജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു’ ; ബോണി കപൂര്‍ പ്രൊഡക്ഷനില്‍ എച്ച് വിനോദ് മാസ്സ് സിനിമ വരുന്നു

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് എച്ച് വിനോദ്. അജിത്തായിരുന്നു ഈ ചിത്രങ്ങളില്‍ നായകനായെത്തിയത്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആകാംഷ ഇരട്ടിയായിരിക്കുയാണ്. ‘എകെ 61’ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് വിവരം. മോഹന്‍ലാലും അജിത്തും ഒന്നിക്കുന്നത്‌കൊണ്ട് തന്നെ ആരാധകരെല്ലാം ഈ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെ ആഘോഷത്തോടെയാണ് സ്വീകരിക്കുന്നത്.

മോഹന്‍ലാല്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ കഥാപാത്രം എങ്ങനെയാണെന്നുള്ള അന്വേഷണത്തിലായിരുന്നു സിനിമാ പ്രേമികളും അദ്ദേഹത്തിന്റെ ആരാധകരും. ഇപ്പോഴിതാ ആ കഥാപാത്രത്തെക്കുറിച്ചും അതിന്റെ കാസ്റ്റിംഗിനെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. ഒരു മുതിര്‍ന്ന പോലീസ് കമ്മീഷണറുടെ കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടമായെന്നും അഭിനയിക്കാന്‍ തയ്യാറാണെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മുന്‍പും നിരവധി തമിഴ് സിനിമകളില്‍ സാന്നിധ്യം അറിയിച്ച താരമാണ് മോഹന്‍ലാല്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുതിര്‍ന്ന പോലീസ് കമ്മീഷണറുടെ വേഷം ചെയ്യാന്‍ മോഹന്‍ലാലും അജിത്തിനൊപ്പം നില്‍ക്കാന്‍ പറ്റുന്നതുമായ മറ്റൊരു സൂപ്പര്‍ താരമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റോളിലേക്ക് മോഹന്‍ലാലിനോപ്പം തെലുങ്ക് താരം നാഗാര്‍ജുനയെയും കൂടാതെ ഹിന്ദിയിലെയും മലയാളം, തെലുങ്ക് മേഖലകളിലേയും മറ്റ് താരങ്ങള്‍ ഉണ്ടാന്നും സൂചനയുണ്ടായിരുന്നു. അതേസമയം ചിത്രത്തിലെ നായികാ താരത്തെയും ഇനിയും തീരുമാനിച്ചിട്ടില്ല. അദിതി റാവു ഹൈദരിയാണ് പരിഗണിക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. മറ്റ് മൂന്ന് നടിമാര്‍ കൂടി ഈ റോളിലേക്ക് പരിഗണനയിലുണ്ട്. ‘എകെ 61’ ല്‍ 22 വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം നടി തബു അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

മരക്കാര്‍, ബ്രോ ഡാഡി, ആറാട്ട് എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. മരക്കാറിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാന്‍ അജിത്ത് എത്തിയത് സോഷ്യല്‍ മീഡിയകളിലെല്ലാം വലിയ വാര്‍ത്തയായിരുന്നു. വലിമൈ, നേര്‍കൊണ്ട പാര്‍വൈ എന്നീ അജിത്ത് ചിത്രങ്ങളുടെ നിര്‍മ്മാതാവായ ബോണീ കപൂര്‍ തന്നെ ആയിരിക്കും ഈ ചിത്രത്തിന്റെയും നിര്‍മ്മാതാവ്.