15 കോടി അഡ്വാൻസ് ബുക്കിങ്!! ദളപതി വിജയ്യുടെ ബീസ്റ്റിന് എവിടേയും ടിക്കറ്റ് കിട്ടാനില്ല
1 min read

15 കോടി അഡ്വാൻസ് ബുക്കിങ്!! ദളപതി വിജയ്യുടെ ബീസ്റ്റിന് എവിടേയും ടിക്കറ്റ് കിട്ടാനില്ല

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. തിയേറ്ററുകളിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുമുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ പ്രേക്ഷക പിന്തുണയായിരുന്നു ലഭിച്ചത്. ട്രെയിലറില്‍ മാസ് ലുക്കില്‍ എത്തുന്ന വിജയിയും പ്രേക്ഷകര്‍ക്ക് വലിയ ആവേശമാണ് നല്‍കുന്നത്.

ചിത്രം മികച്ച ഒരു എന്റര്‍ടെയിന്‍മെന്റാകും എന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.

ഇപ്പോഴിതാ ബീസ്റ്റ് ചിത്രം കാണാനായി തമിഴ്‌നാട്ടില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം നേടിയത് 15 കോടിയാണ്. ഇതോടെ ബീസ്റ്റ് റിലീസ് ചെയ്ത് കഴിഞ്ഞാല്‍ 100 കോടി ക്ലബിലെത്തുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന്റെ പ്രമോ വീഡിയോ ഇന്ന് പുറത്തുവിട്ടിരുന്നു. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയ ചിത്രം മികച്ചൊരു ദൃശ്യ വിരുന്നാകും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയെന്ന് ചിത്രത്തിന്റെ പ്രമോ വീഡിയോയില്‍ നിന്നും വ്യക്തമാണ്. ‘ബീസ്റ്റ്’ ലോകത്തില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പുറത്തുവിട്ടത്.

വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റ് ആയാണ് വിജയ് ബീസ്റ്റില്‍ എത്തുന്നത്. ആദ്യം ഏപ്രില്‍ 14നാണ് ബീസ്റ്റിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, യാഷിന്റെ കെജിഎഫും അന്നേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ബീസ്റ്റ് ഒരു ദിവസം മുമ്പ് റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിജയിയുടെ കരിയറിലെ 65ാമത്തെ ചിത്രമാണ് ബീസ്റ്റ്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം ബീസ്റ്റ് തിയേറ്ററുകളില്‍ നാളെ എത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിജയ് ചിത്രത്തിന്റെ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. നാളെ പ്രവര്‍ത്തി ദിവസമായതിനാല്‍ ജീവനക്കാര്‍ക്ക് വിജയ് പടം ആസ്വദിക്കുന്നതിന് വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കുവൈറ്റിലും ഖത്തറിലും ബീസ്റ്റ് സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ നിരോധനം ഈ മേഖലയിലെ രണ്ടാമത്തെ വലിയ പ്രദേശമായതിനാല്‍ ജിസിസി മേഖലയിലെ ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.