റീ റിലീസിലും വന്‍ കളക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാലിന്റെ ‘സ്ഫടികം’ ; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
1 min read

റീ റിലീസിലും വന്‍ കളക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാലിന്റെ ‘സ്ഫടികം’ ; ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടുതോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ഫോര്‍ കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ തിയറ്ററിലെത്തുമെന്ന് ഭദ്രന്‍ ചിത്രത്തിന്റെ 24 -ാം വാര്‍ഷികത്തില്‍ അറിയിച്ചിരുന്നു. മലയാളികള്‍ ഏറെക്കാലമായി റീറിലീസിനായി കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം ‘സ്ഫടികം’ കളക്ഷനിലും പ്രതീക്ഷയ്‌ക്കൊത്ത നേട്ടം സ്വന്തമാക്കി. റീ റീലീസായിട്ടും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ‘സ്ഫടികം’ ആദ്യ ദിനം നേടിയത് 77 ലക്ഷമാണ് എന്ന് മൂവി ട്രാക്കേഴ്‌സായ ഫ്രൈഡേ മാറ്റ്‌നി ട്വീറ്റ് ചെയ്യുന്നു. രണ്ട് ദിവസംകൊണ്ട് 2 കോടിയാണ് സിനിമ നേടിയത്. സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ദൃശ്യമികവോടെയായിരുന്നു ‘സ്ഫടികം’ വീണ്ടും തിയറ്ററുകളിലെത്തിയത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുതിയ കാലത്തിനൊത്ത് അവതരിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയും ചെയ്തിരുന്നു.

തോമസ് ചാക്കോ അഥവാ ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ കളം നിറഞ്ഞ് അഭിനയിച്ച സിനിമയാണ് സ്ഫടികം. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനായിരുന്നു ലഭിച്ചത്. ചാക്കോമാഷ് എന്ന തിലകന്റെ കഥാപാത്രവും ആര്‍ക്കും തന്നെ മറക്കാനാവില്ല. ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ‘ഭൂമിയുടെ സ്പന്ദനം മാത്തമാറ്റിക്‌സിലാണ്’ എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു. പൊന്നമ്മയെന്ന കഥാപാത്രമായി കെപിഎസി ലളിതയും തുളസിയായി ഉര്‍വശിയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം കൂടിയാണ് ഇത്. നെടുമുടി വേണു, രാജന്‍ പി ദേവ്, ശങ്കരാടി, ബഹുദൂര്‍, ചിപ്പി, അശോകന്‍, മണിയന്‍പിള്ള, കരമന , സ്ഫടികം ജോര്‍ജ്, എന്‍ എഫ് വര്‍ഗ്ഗീസ്, ശ്രീരാമന്‍, ഇന്ദ്രന്‍സ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1995- ല്‍ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍ മോഹന്‍ നിര്‍മ്മിച്ച് ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.