മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം വരുന്നൂ; ‘റാം’ ഓണത്തിന് തിയേറ്ററുകളിലെത്തും
1 min read

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അടുത്ത ചിത്രം വരുന്നൂ; ‘റാം’ ഓണത്തിന് തിയേറ്ററുകളിലെത്തും

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറിങ്ങി വലിയ വിജയം കൊയ്ത സിനിമയാണ് നേര്. കോർട്ട് റൂം ഡ്രാമയായി ഒരുങ്ങിയ ഈ ചിത്രം മോഹൻലാലിന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയ ചിത്രമായിരുന്നു. മികച്ച കളക്ഷൻ നേടിയ നേരിൽ മോഹൻലാലിനൊപ്പം തന്നെ യുവനടി അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ദൃശ്യം രണ്ടിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു നേര്.

ഇപ്പോഴിതാ ഇതേ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം കൂടി പ്രേക്ഷകർക്ക് മുൻപിലേക്കെത്തുകയാണ്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ നെയിം റാം എന്നാണ്. സിനിമ ഓണത്തിന് തിയേറ്ററുകളിലെത്തും. രണ്ടു ഭാഗങ്ങളായാണ് സിനിമയുടെ മേക്കിങ്ങ്. ആദ്യ ഭാഗത്തിന് പത്തു ദിവസത്തെ ചിത്രീകരണവും രണ്ടാം ഭാഗത്തിന് 40 ദിവസത്തെ ചിത്രീകരണവുമാണ് വേണ്ടി വരിക. അതേസമയം തെന്നിന്ത്യൻ നടി തൃഷയാണ് റാമിൽ നായികയായെത്തുന്നത്.

ജൂണിൽ റാമിന്റെ തുടർ ചിത്രീകരണം ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 2020ൽ ചിത്രീകരണം ആരംഭിച്ച ചിത്രമാണ് റാം. കൊവിഡ് പ്രതിസന്ധിമൂലം ഇടയ്ക്കുവച്ച് നിർത്തിവെച്ച ചിത്രീകരണം 2022 ആഗസ്റ്റ് 6 ന് മൂന്ന് വർഷത്തിനു ശേഷം വീണ്ടും പുനരാരംഭിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളായ കെയ്റോ, ലണ്ടൻ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളാണ് റാമിന്റെ പ്രധാന ലൊക്കേഷനുകൾ. കൊച്ചി, ഡൽഹി, ധനുഷ്കോടി എന്നിവിടങ്ങളും ലൊക്കേഷനുകളായിരുന്നു. ജീത്തു ജോസഫിന്റെ കരിയറിൽ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് റാം.

വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. റാം ചിത്രീകരണം ആരംഭിച്ച ശേഷം ട്വൽത്ത് മാൻ, നേര് എന്നീ ചിത്രങ്ങളിലൂടെ മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ചിരുന്നു. 2023 ഡിസംബറിൽ റിലീസ് ചെയ്ത നേര് മികച്ച വിജയം നേടുകയും ചെയ്തു. ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗകൃഷ്ണ, ആദിൽ ഹുസൈൻ, ചന്തുനാഥ് തുടങ്ങിയവരാണ് ഈ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാം.