മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ ഏഴ് ഭാവങ്ങള്‍ കണ്ടെത്തി ആരാധകൻ
1 min read

മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ ഏഴ് ഭാവങ്ങള്‍ കണ്ടെത്തി ആരാധകൻ

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രങ്ങളിലൊന്നായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. മലൈക്കോട്ടൈ വാലിബന്‍ എന്ന പേര് പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ ആരംഭിച്ച ഹൈപ്പ് റിലീസ് തീയതി ആയപ്പോഴേക്ക് കുതിച്ചുയര്‍ന്നു. എന്നാല്‍ റിലീസ് ദിനം ഫാന്‍സ് ഷോകള്‍ക്കിപ്പുറം ചിത്രം പ്രതീക്ഷയ്ക്കൊപ്പം ഉയര്‍ന്നില്ലെന്ന പ്രേക്ഷക പ്രതികരണങ്ങളാണ് ഉയര്‍ന്നത്. ദിവസങ്ങള്‍ക്കിപ്പുറം സോഷ്യല്‍ മീഡിയയില്‍ കാര്യമായി പോസിറ്റീവ് അഭിപ്രായങ്ങള്‍ എത്തിയെങ്കിലും ബോക്സ് ഓഫീസില്‍ ചിത്രത്തെ കരകയറ്റാന്‍ അവയ്ക്ക് ആയില്ല. ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹൻലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനില്‍ നടന്റെ വിവിധ ഭാവങ്ങള്‍ അമ്പരപ്പിക്കുകയാണ് എന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

മലൈക്കോട്ടൈ വാലിബനില്‍ മോഹൻലാലിനറെ ഇൻട്രോയ്‍ക്ക് തിയറ്ററുകള്‍ വിറക്കും എന്ന് ടിനു പാപ്പച്ചൻ റിലീസിന് മുന്നേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീടത് ഓവര്‍ ഹൈപ്പായി വ്യഖ്യാനിക്കപ്പെട്ടു. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു. ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

മലയാളത്തിന്റെ മോഹൻലാല്‍ അവതരിക്കുന്നുവെന്നായിരുന്നു ചിത്രത്തിന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി വിശേഷണം നല്‍കിയത്. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്നതാണ് മോഹൻലാലിന്റെ ചിത്രത്തിലെ മാനറിസങ്ങള്‍ എന്നാണ് ഒരു ആരാധൻ ചൂണ്ടിക്കാട്ടുന്നത്. മലൈക്കോട്ടൈ വാലിബനിലെ മോഹൻലാലിന്റെ വിവിധ ഫോട്ടോകള്‍ പങ്കുവെച്ച് ക്ലോസ് അപ്, ഇമോഷണല്‍, കോമഡി, റൊമാൻസ്, ആല്‍ക്കഹോള്‍, ആക്ഷൻ, മാസ് എന്നിങ്ങനെയുള്ള മോഹൻലാലിന്റെ ഏഴ് ഭാവങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് ഒരു ആരാധകൻ. മലയാളത്തിന്റെ മോഹൻലാലിനെ തന്നതിന് ചിത്രത്തിന്റെ സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിക്ക് നന്ദി പറയുന്നു ആരാധകൻ.

ഒരു രണ്ടാം ഭാഗം കൂടി വരുമെന്ന പ്രഖ്യാപനത്തോടെയാണ് മലൈക്കോട്ടൈ വാലിബന്‍ സ്ക്രീനില്‍ അവസാനിച്ചത്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ഹരീഷ് പേരടി, ഡാനിഷ് സേഠ്, സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.