അന്ന് പ്രിയദര്‍ശന് 13 വയസ്സും മോഹന്‍ലാലിന് 10 വയസ്സും.. ‘ഓളവും തീരവും’ ഒരുപാട് പ്രത്യേകതകളുള്ള സിനിമ
1 min read

അന്ന് പ്രിയദര്‍ശന് 13 വയസ്സും മോഹന്‍ലാലിന് 10 വയസ്സും.. ‘ഓളവും തീരവും’ ഒരുപാട് പ്രത്യേകതകളുള്ള സിനിമ

പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും 1969ല്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന് അന്ന് 13 വയസ്സും മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് 10 വയസ്സും ആയിരുന്നു. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദര്‍ശന്‍ അന്ന് പ്രാര്‍ഥിച്ചു എനിക്ക് ഇതുപോലൊരു സിനിമയെടുക്കാന്‍ സാധിക്കണേ…! അതേ പ്രാര്‍ത്ഥന പോലെ തന്നെ അരനൂറ്റാണ്ടിനു ശേഷം ആ ആഗ്രഹം സഫലമാവുകയാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി അമ്പത് മിനിറ്റില്‍ ഒരുക്കുന്ന ഓളവും തീരവും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

പ്രിയദര്‍ശനെ ഒരു സംവിധായകനാകാന്‍ മോഹിപ്പിച്ച സിനിമ ഇന്ന് സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന് പറയാനുള്ളത് ‘ഓളവും തീരവും’ എന്ന തിരക്കഥ ഒരു കവിതപോലെയാണ് തനിക്കനുഭവപ്പെട്ടതെന്നും പ്രണയത്തിന്റെ മനോഹാരിത അതിലുണ്ടെന്നും ‘നദി ഈ സിനിമയിലെ ഒരു കഥാപാത്രമാണ്’ എന്നാണ് ഓളവും തീരവും തിരക്കഥയിലെ ആദ്യവാചകങ്ങളിലൊന്നെന്നും എന്നുമാണ്. നദി കഥാപാത്രമാണെന്ന് തിരക്കഥയിലുണ്ടായിരുന്നെങ്കിലും ആ സിനിമയില്‍ അതില്ലായിരുന്നു. അത് തന്നെ നിരാശപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഞാന്‍ മോഹിച്ച, എന്നെ ഒരു സംവിധായകനാകാന്‍ മോഹിപ്പിച്ച സിനിമ സംവിധാനംചെയ്യുന്നു എന്നത് വലിയ അനുഗ്രഹമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയതെങ്കില്‍ മധു അഭിനയിച്ച ബാപ്പുട്ടിയായി മോഹന്‍ലാല്‍ ആണ് എത്തുന്നത്. മധു സാറിനെ പോയി കാണുകയും അദ്ദേഹം ചെയ്ത കഥാപാത്രത്തെയാണ് താന്‍ ഇതില്‍ ചെയ്യുന്നതെന്നും അനുഗ്രഹം വാങ്ങുകയുമെല്ലാം മോഹന്‍ലാല്‍ ചെയ്തിരുന്നു. തന്റെ ഉറ്റ സുഹൃത്ത് പ്രിയന്‍ ആദ്യമായി വായിച്ച സ്‌ക്രിപ്പ്റ്റായിരുന്നു ഓളവും തീരവുമെന്നും പ്രിയന്റെ ഒരു സ്വപ്‌നമായിരുന്നു എംടിയുടെ തിരക്കഥയില്‍ ഒരു സിനിമയെന്നും മോഹന്‍ലാല്‍ ഈ അടുത്ത് പറയുകയുണ്ടായി.

ഉഷ നന്ദിനി അഭിനയിച്ച നായികാവേഷത്തില്‍ ദുര്‍ഗ കൃഷ്ണയാണ് എത്തുന്നത്. ജോസ് പ്രകാശ് അഭിനയിച്ച വില്ലന്‍ കുഞ്ഞാലിയായി അഭിനയിക്കുന്നത് ഹരീഷ് പേരടിയാണ്. സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, അപ്പുണ്ണി ശശി, ജയപ്രകാശ് കുളൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്. ‘ഓളവും തീരവും’ എത്തുന്നത് ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണെന്ന പ്രത്യേകതയുമുണ്ട്.