‘ലാലേട്ടന്‍ സിനിമകള്‍ വിമര്‍ശ്ശിക്കപെടുമ്പോളും മമ്മൂക്ക സിനിമ വിമര്‍ശിക്കപെടുമ്പോളും ഇവരുടെ മറുപടികള്‍ രണ്ടുതരമാണ്’; കുറിപ്പ് വൈറല്‍
1 min read

‘ലാലേട്ടന്‍ സിനിമകള്‍ വിമര്‍ശ്ശിക്കപെടുമ്പോളും മമ്മൂക്ക സിനിമ വിമര്‍ശിക്കപെടുമ്പോളും ഇവരുടെ മറുപടികള്‍ രണ്ടുതരമാണ്’; കുറിപ്പ് വൈറല്‍

തിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ടുപേരാണ് മലയാളത്തിന്റെ ബിഗ് എംസായ മമ്മൂട്ടിയും മോഹന്‍ലാലും. ഒരാള്‍ സൂക്ഷാമാഭിനയം കൊണ്ട് ഞെട്ടിച്ചയാളാണ്. ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് ഇഷ്ടം നേടിയെടുത്തയാളാണ്. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തങ്ങള്‍ക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ ഇരുവരും അവിസ്മരണീയമാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ അയാള്‍ ചെയ്തുവെച്ച അതിമനോഹരമായ വേഷങ്ങളില്‍ ഇന്ന് കാണാന്‍ കൊതിക്കുന്നുവെന്നാണ് പലരും പറയുന്നത്. എന്നാല്‍ മമ്മൂട്ടി ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പഴയ മമ്മൂട്ടി, പുതിയ മമ്മൂട്ടി എന്ന് ആരും പറഞ്ഞ് കേള്‍ക്കുന്നില്ല. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും ഗൗതം എഴുതിയ ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഹിറ്റ് ഉണ്ടാക്കാന്‍ ഒരു സൂത്രവാക്യവും സിനിമയില്‍ ഇല്ല. അങ്ങനെ ഉണ്ടാരുന്നേല്‍ ഇവിടെ ഹിറ്റുകള്‍ മാത്രമേ പിറക്കുകയുള്ളൂ. മമ്മൂക്കയും ലാലേട്ടനും പണ്ട് ചെയ്തുവച്ച മനോഹര സിനിമകളാണ് അവരെ ഇന്നും നമ്മുടെ മുന്നില്‍ മഹാമേരുക്കളായി നിര്‍ത്തുന്നത്. അത്യന്താപേക്ഷികമായി പ്രേക്ഷകന്‍ മാറി എന്നത് B.ഉണ്ണികൃഷ്ണന്‍ സാറും, പ്രിയദര്‍ദര്‍ശന്‍ സാറുമൊക്കെ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു. ലാലേട്ടനൊക്കെ പുതിയ കാമ്പുള്ള കഥകള്‍ കെട്ടിയാടണം. മമ്മുക്ക ഇപ്പോഴും പഴയ കരിമ്പിന്‍ പൂവിനാക്കരെയും ആവനാഴിയും കാലത്ത് നില്‍ക്കുകയല്ല അദ്ദേഹം വ്യത്യസ്ത്തതയുടെ മേല്‍ വിജയം കൊയ്യാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.

ഏഴു പ്രാവിശ്യം യുദ്ധം തോറ്റ ചക്രവര്‍ത്തി എട്ടാമത്തെ വിജയത്തിനായി കോപ്പ് കൂട്ടുന്ന പോലെ മമ്മൂക്ക ഇപ്പോഴും യുദ്ധകൊതിയാനായി പടക്കളത്തിലേക്കു തേര് തെളിക്കുകയാണ്. ലാലേട്ടനെ നമുക്കിഷ്ടം കിലുക്കവും ആര്യനും… പട്ടണ പ്രവേശം….സ്പടികം… കമലദളം… തുടങ്ങിയ, മനുഷ്യമനസിനെ സന്തോഷിപ്പിച്ചും നൊമ്പരപ്പെടുത്തിയും നമ്മളെ മറ്റൊരു തലത്തില്‍ എത്തിച്ച സിനിമകളിലൂടെയാണ്. ലാലേട്ടന്‍ സിനിമകള്‍ വിമര്‍ശ്ശിക്കപെടുമ്പോളും… മമ്മൂക്ക സിനിമ വിമര്‍ശിക്കപെടുമ്പോളും ഇവരുടെ മറുപടികള്‍ രണ്ടുതരമാണ്.

‘ഞാനിപ്പോഴും കഥാപാത്രങ്ങള്‍ക്കായി ദാഹിച്ചു നടക്കുന്ന ആളാണെന്നു’ ഒരാള്‍ പറയുന്നു… മറ്റെയാളിന്റെ മറുപടി… ‘ചെയ്തു പോയ സിനിമ… അത് കഴിഞ്ഞു…’ ഇങ്ങനെയാണ്. പണം ഇനി ഇവരെ ഭരിക്കേണ്ട കാര്യമില്ല. ഇനി ഇവര്‍ നേടേണ്ടത് മോഹിപ്പിക്കുന്ന ‘കഥാപാത്രങ്ങളെ’ ആണ്. മമ്മൂക്കയുടെ വരാന്‍ പോകുന്ന പ്രൊജക്ടുകള്‍ ആശ്ചര്യം ഉളവാക്കുന്നവയാണ്. അതുപോലെ ഓളവും തീരവും, ബറോസ് അടക്കമുള്ള ലാലേട്ടന്റെ പ്രൊജക്റ്റുകളും. പുതിയ സംവിധായകര്‍ക്കു ലാലേട്ടന്റെ ഡേറ്റുകള്‍ കിട്ടുകയാണെങ്കില്‍ ഒരു തീപ്പൊരി പ്രതീക്ഷിക്കാം.